ഇലവുംതിട്ട: മുട്ടത്തുകോണം പൂവക്കാട്ടിൽ ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി. നിരവധിയാളുകളുടെ കൃഷികൾ നശിപ്പിച്ചു. കാർത്തികയിൽ സജീവ് കുമാർ, വട്ടമണ്ണിൽ മോഹൻരാജ് തുടങ്ങിയവരുടെ വീട്ടുപറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. മരച്ചീനി, തെങ്ങിൻ തൈകൾ, ചേമ്പ്, ചേന, വാഴത്തൈകൾ തുടങ്ങിയവ കുത്തിമറിച്ചു. മുട്ടത്തുകോണം-ഇലവുംതിട്ട റോഡിൽ രാത്രിയിൽ കാട്ടുപന്നികൾ തലങ്ങും വിലങ്ങും ചാടുന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. സമീപത്തെ ഇടഞ്ഞുവീഴാറായ വീട്ടുപറമ്പിലെ കുറ്റിക്കാടാണ് പന്നികളുടെ താവളം. കാട്ടുപന്നികളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.