road
ആധുനിക രീതിയിൽ നവീകരിച്ച മിത്രപ്പുഴക്കടവ് റോഡ് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച നിലയിൽ

ചെങ്ങന്നൂർ: 65ലക്ഷം രൂപ മുടക്കി മികച്ച നിലവാരത്തിൽ നിർമ്മിച്ച റോഡ് ആഴ്ചകൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു വാട്ടർ അതോറിറ്റി. വേനൽ മഴ തിമിർത്തു പെയ്യുമ്പോഴും ചെങ്ങന്നൂർ നഗരസഭ പരിധിയിലെ അഞ്ചു മുതൽ 23 വരെയുള്ള വാർഡുകളിൽ മൂന്നു ദിവസമായി കുടിവെള്ള വിതരണവും മുടങ്ങി. രണ്ടാഴ്ച മുൻപ് നവീകരിച്ച മിത്രപ്പുഴക്കടവ് റോഡാണ് വെട്ടിപ്പൊളിച്ചു വീണ്ടും വാട്ടർ അതോറിറ്റി പണികൾ നടത്തുന്നത്. വാട്ടർ അതോറിറ്റിയുടെ മലയിൽ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നുള്ള പ്രധാന വിതരണ പൈപ്പാണ് കഴിഞ്ഞ ദിവസം പൊട്ടിയത്. ആഴ്ചകൾക്കു മുൻപ് ബി.എം.ആൻഡ് ബി.സി നിലവാരത്തിലായിരുന്നു റോഡ് നിർമ്മാണം. എന്നാൽ 40 വർഷത്തിലേറെ പഴക്കമുള്ള പൈപ്പുകളാണ് റോഡിനടിയിലൂടെ കടന്നു പോയിരുന്നത്. നിർമ്മാണത്തിന് മുൻപേ ഈ ലൈനുകൾ മാറ്റണമെന്നു നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു. അന്ന് അതിനായി ഫണ്ട് അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.

കോടികൾ മുടക്കിയ പാലത്തിന്റെ സമീപ പാതയിലും ചോർച്ച ; ടാറിംഗ് മുടങ്ങി

പഴയ പാലത്തിനു പകരം 3.36 കോടി രൂപ മുടക്കി നിർമ്മിച്ച പുത്തൻകാവ് പാലത്തിന്റെ സമീപ പാതയിലും ചോർച്ച. റോഡിൽ പൊട്ടൽ രൂപപ്പെട്ടു. പാലത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ജോയിന്റിനു സമീപമാണ് ചേർച്ചയുണ്ടായിരിക്കുന്നത്. ഇതുമൂലം ടാറിംഗും മുടങ്ങി. ടാറിംഗ് സമയത്തു നടത്തിയ പരിശോധനയിലാണ് പ്രശ്‌നം കണ്ടെത്തിയത്. റോളർ കയറ്റി ടാറിംഗ് ഉറപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇതിനിടയിലൂടെ അടിയിലുള്ള മണ്ണ് ചെളി രൂപത്തിൽ പുറത്തേക്ക് വന്നത്. പൈപ്പിനുള്ളിൽ നിന്നും വെള്ളം ചോർന്ന് ചെളിമണ്ണായി മാറിയതാണ് ഇവിടെ റോഡ് താഴുന്നതിനും പൊട്ടിക്കീറുന്നതിനും കാരണമായതെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ പുതിയ പാലത്തിന്റെ പണികളുടെ ഭാഗമായി പൈപ്പുലൈൻ മാറ്റി സ്ഥാപിച്ചിരുന്നു. പാലം നിർമ്മാണം പോലും പൈപ്പുലൈൻ മാറ്റി സ്ഥാപിക്കുന്നതിലെ കാലതമാസം മൂലം നീണ്ടു പോയിരുന്നു. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിറ്റിക്ക് കത്തു നൽകി.

.....................

- 65 ലക്ഷം മുടക്കിയ റോഡ്

- അഞ്ചു മുതൽ 23 വരെയുള്ള വാർഡുകളിൽ മൂന്നു ദിവസമായി കുടിവെള്ളം മുടങ്ങി