ചെങ്ങന്നൂർ: വിളവെടുക്കാറായ 200 ഏക്കറിലെ നെൽക്കൃഷി കനത്ത കാറ്റോടുകൂടി പെയ്ത വേനൽ മഴയെ തുടർന്ന് വെള്ളത്തിലായി. വെണ്മണി ഇടനീർ, മേനിലം, പള്ളിപ്പുറം പാടശേഖരങ്ങളിലാണ് വെള്ളം കയറിയത്. കൃഷി പൂർണമായും നശിച്ചെന്നും വട്ടച്ചാലിന് ആഴംകൂട്ടാതിരുന്നത് വെള്ളം ഒഴുകിപ്പോകുന്നതിന് തടസമുണ്ടാക്കിയതായും കർഷകർ പറഞ്ഞു. ജ്യോതി വിത്താണ് വിതച്ചിരുന്നത്. മഴ മാറിയില്ലെങ്കിൽ വീണുകിടക്കുന്ന നെല്ല് കൊയ്‌തെടുക്കാനും ബുദ്ധിമുട്ടാണ്. പുലിയൂരിൽ കരികുളം, പാണ്ടനാട്ടിൽ കിളിയന്ത്ര, മുണ്ടൻകാവ്, കീഴ്‌വന്മഴി പാടശേഖരങ്ങളും മഴവെള്ള ഭീഷണിയിലാണ്. പരിശോധനയ്ക്കു ശേഷമേ നാശനഷ്ടത്തിന്റെ കണക്ക് കൃത്യമായി പറയാൻ കഴിയുവെന്ന് കൃഷി വകുപ്പ് അറിയിച്ചു.