ചെങ്ങന്നൂർ: ഇന്നലെപെയ്ത കനത്ത മഴയിൽ ചെങ്ങന്നൂർ നഗരം വെളളത്തിലായി. എം.സി റോഡിൽ നന്ദാവനം ജംഗ്ഷനിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. തുടർന്ന് ഇതുവഴിയുളള വാഹനഗതാഗതം ബുദ്ധിമുട്ടായി. എം.സി റോഡ് നവീകരണത്തിന്റെ ഭാഗമായി ചെങ്ങന്നൂരിൽ കെ.എസ്.ടി.പി നിർമ്മാണ പ്രവർത്തനം നടത്തിയസമയത്ത് നന്താവനം ജംഗ്ഷനിലെ റോഡിനു കുറുകെയുളള ഓട പുതുക്കി നിർമ്മിക്കാതിരുന്നതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. ശക്തമായ മഴ പെയ്യുമ്പോഴെല്ലാം ഇവിടെ വെളളക്കെട്ട് ഉണ്ടാകാറുണ്ട്. ഇതേ തുടർന്ന് ഒരു വർഷം മുൻപ് ടാറിംഗ് ഇളക്കിമാറ്റി ഓടയുടെ വീതി കൂട്ടാനുളള ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതുവഴിയുളള വാഹന ഗതാഗതം താറുമാറായതോടെ ശരിയായ രീതിയിൽ നിർമ്മാണം നടത്താൻ കഴിഞ്ഞില്ല. ഇതോടെ ഓട നവീകരിക്കാൻ ശ്രമിച്ചെങ്കിലും അതിന്റെ പ്രയോജനം ലഭിച്ചില്ല. ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷൻ, കോളേജ് റോഡ്, കോടതിറോഡ് എന്നിവിടങ്ങളിൽ നിന്നുളള വെള്ളം നന്ദാവനം ജംഗ്ഷനിലെ ഓടയിലൂടെ ഒഴുകി കുട്ടൻ കേരിൽ ചാലിലെത്തി അവിടെനിന്ന് പമ്പാനദിയിലേക്കാണ് ഒഴുകിപ്പോകേണ്ടത്. വീതികുറഞ്ഞ ഓട അടഞ്ഞതോടെ ജലം റോഡിലേക്കും സമീപത്തെ താഴ്ചയിലുളള വ്യാപാര സ്ഥാപനങ്ങളിലേക്കും കയറുന്നു. കെ.എസ്.ടി.പിയുടെ റോഡു നിർമ്മാണത്തിലുളള അപാകതയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും റോഡിന് കുറുകെയുളള ഓടയുടെ ആഴവും വീതിയും കൂട്ടി പുതുക്കി നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കാരയ്ക്കാട്ട് കടകളിൽ വെള്ളംകയറി
മഴയെതുടർന്ന് ഓടകൾ നിറഞ്ഞ് കാരയ്ക്കാട്ട് വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി. എം.സി റോഡിൽ കാരക്കാട് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിനു സമീപമാണ് മാലിന്യം അടിഞ്ഞുകൂടി ഓടകൾ അടഞ്ഞ് വെള്ളം കടകളിലേക്ക് കയറിയത്. കാരക്കാട് അരീക്കര റോഡരികിലെ സ്ഥാപനങ്ങളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. ഓടകളിൽ നിന്ന് മാലിന്യം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പലതവണ വാർഡ് അംഗത്തിനോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് വ്യാപാരികൾ പറഞ്ഞു.