1
അടൂർ ഗോപാലകൃഷ്ണൻ റോഡിൽ റോഡിൻറെ വീതി കൂട്ടി കലുങ്ക് നിർമ്മാണം പുരോഗമിക്കുന്നു

മണക്കാല: വിശ്വവിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ പേരിലുള്ള മണക്കാല-ചിറ്റാണിമുക്ക് റോഡ് നവീകരണം പുരോഗമിക്കുന്നു. റീ ബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.80 കോടി രൂപ ചെലവിലാണ് നിർമ്മാണം. ബി.എം.ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. പല ഭാഗങ്ങളിലായി 250 മീറ്റർ ദൂരത്തിൽ ഓട , ഒരു കലുങ്ക് എന്നിവയുടെ നിർമ്മാണമാണ് നടക്കുന്നത് .

റോഡിന്റെ വീതി ക്രമീകരിച്ചാണ് ഓടയുടെയും കലുങ്കിന്റെയും നിർമ്മാണം. ഈ മാസം തന്നെ ടാറിംഗ് പൂർത്തിയാക്കാനാണ് ശ്രമം.

2014-ലാണ് അടൂർ ഗോപാലകൃഷ്ണൻ റോഡ് എന്ന് റോഡിന് പേരിട്ടത്. അടൂർ ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലായിരുന്നു നാമകരണം. പൊതുമരാമത്തിന്റെ അധീനതയിലായിരുന്ന റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. അന്ന് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പിന്നീട് പണി നടന്നില്ല.

അടൂർ ഗോപാലകൃഷ്ണന്റെ നാമധേയത്തിലുള്ള റോഡ് തകർന്നുകിടന്നത് നാട്ടുകാരിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. നിർമ്മാണം ഇപ്പോൾ പുരോഗമിക്കുകയാണ്. എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കണം.

അനിൽ മണക്കാല

പൊതുപ്രവർത്തകൻ