
പത്തനംതിട്ട: കെ റെയിൽ പദ്ധതിക്കെതിരെയുള്ള സമര ആഹ്വാനവുമായി 23, 24 തീയതികളിൽ ബി. ജെ. പി കർഷക മോർച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് കർഷക മഹാസംഗമം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജി നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന് അദ്ദേഹം ആവശ്യപ്പെട്ടു. വലിയ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്ന പദ്ധതിയാണിത്. നാളീകേര വിലയിടിവ് നിയന്ത്രിച്ച് കൊപ്രാ സംഭരണം പുനരാരംഭിക്കണം. പച്ചത്തേങ്ങ സംഭരണം നടത്താൻ സംസ്ഥാനത്ത് 25 ഏജൻസികളെ നിയമിക്കാൻ തീരുമാനിച്ചിട്ട് മാസങ്ങളാകുന്നു .. വന്യമൃഗശല്യം കുറയ്ക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം അനുവദിച്ച തുക പാഴാക്കുകയാണ്. കേന്ദ്രം 2021 വരെ അനുവദിച്ച 74. 84 കോടി രൂപയിൽ 40. 05 കോടി മാത്രമാണ് സംസ്ഥാനം വിനിയോഗിച്ചത്. കാട്ടുപന്നിയുടെ ആക്രമണ സാദ്ധ്യതയുള്ള ഹോട്ട് സ്‌പോട്ട് നിശ്ചയിച്ചതിലും അപാകതകളുണ്ട്. വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ ശ്യാം തട്ടയിൽ, എം .വി രഞ്ജിത്ത് , രവീന്ദ്രവർമ്മ , സുരേഷ് പുളിവേലിൽ, എ .ആർ. രാജേഷ് എന്നിവരും പങ്കെടുത്തു.