കൊടുമൺ : ഏഴംകുളത്ത് വൈദ്യുതി മുടങ്ങിയിട്ട് രണ്ടു ദിവസമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. കനത്ത മഴയെ തുടർന്ന് വൈദ്യുതി ലൈനിൽ മരം വീണതിനാൽ വെള്ളിയാഴ്ച രാത്രി മുതൽ പ്രദേശത്ത് വൈദ്യുതിമുടങ്ങിയിരുന്നു. കാറ്റിൽ ഒടിഞ്ഞുവീണ മരം നീക്കം ചെയ്യാൻ കെ.എസ്.ഇ.ബി അധികൃതർ വൈകിയതായും നാട്ടുകാർ ആരോപിക്കുന്നു. ഇപ്പോൾ ശരിയാക്കാം എന്ന പതിവ് പല്ലവിയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കൊടുമൺ ചക്കാലമുക്ക് പ്ലാമൂട് റോഡാണിത്. എത്രയും വേഗം വൈദ്യുതി ബന്ധം സാധാരണ നിലയിലാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.