അടൂർ : അഗ്നിരക്ഷാ വകുപ്പിലെ സ്തുത്യർഹമായ സേവനത്തിന് ഡയറക്ടർ ജനറൽ നൽകുന്ന ബാഡ്ജ് ഒഫ് ഓണർ പുരസ്കാരത്തിന് അടൂർ ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ജി രവീന്ദ്രൻ അർഹനായി. 24 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒട്ടനവധി ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ രവീന്ദ്രൻ പങ്കാളിയായി. സ്വന്തം ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളാണ് ഇൗമികവിന് ഇടയാക്കിയത്. കഴിഞ്ഞ വർഷം പന്തളം ഭാഗത്ത് ഉണ്ടായ പ്രളയത്തിൽ മുന്നൂറോളം ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ചു. പതിനെട്ടിലെ മഹാപ്രളയത്തിൽ കോഴഞ്ചേരി, ചെങ്ങന്നൂർ ഭാഗത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ടീം പ്രവർത്തിച്ചു. വെള്ളം കയറിയ വീട്ടിൽ നിന്നും പിഞ്ചു കുഞ്ഞിനെ രക്ഷിച്ചു കൊണ്ട് വരുന്ന രവീന്ദ്രന്റെ ഫോട്ടോ പത്രമാദ്ധ്യമങ്ങളിലും, സോഷ്യൽമീഡിയയിലും അന്ന് വൈറലായി.സർവീസിൽ പലതവണയായി എട്ട് വർഷത്തോളം അടൂരിൽ ജോലി ചെയ്ത രവീന്ദ്രൻ നിലവിൽ അഗ്നിരക്ഷാ സ്കൂബാ ടീം അംഗമാണ്. സ്വന്തം വീടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടും അത് മറ്റൊരാൾക്ക് നൽകി അടൂർ ഫയർ സ്റ്റേഷനിൽ തന്നെ തുടർന്നും സേവനമനുഷ്ഠിക്കാൻ തയാറായ രവീന്ദ്രന് ഒരു വർഷത്തെ സർവീസ് കൂടിയാണ് ബാക്കിയുള്ളത്. 1998-ൽ ഫോർട്ട് കൊച്ചിയിൽ നിന്നാണ് സർവീസിൽ പ്രവേശിച്ചത്. തുടർന്ന് വിവിധ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഒട്ടനവധി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പുരസ്കാരങ്ങളോട് പൊതുവേ വിമുഖത കാട്ടുന്ന അദ്ദേഹത്തിന് ഇത് വൈകി കിട്ടിയ അംഗീകാരമാണെന്ന് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ പറഞ്ഞു.