അടൂർ : മേലൂട് കണിയാംകോണത്ത് വടക്കേതിൽ പുഷ്കരന്റെ മകൻ രാജേഷിനെ (39) സൗദി ദമാമിലെ ജോലിസ്ഥലത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഒൻപത് വർഷമായി അവിടുത്തെ ഒരു സ്വകാര്യ കമ്പിനിയിൽ മെക്കാനിക്കായി ജോലി നോക്കിവരികയായിരുന്നു. ഏതാനും ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചുവന്നതായി കൂടെ താമസിച്ചുവന്ന സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് റൂം വിട്ടിറങ്ങിപ്പോയ രാജേഷിനെക്കുറിച്ച് സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ജോലി സ്ഥലത്തിനടുത്ത് നിർമ്മാണ പ്രവർത്തനം നടത്തിവരുന്ന കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദമാം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മാതാവ് : പരേതയായ വാസന്തി. ഭാര്യ : രശ്മി. മകൻ : അഞ്ചുവയസുള്ള നിരഞ്ജൻ രാജ്.