ചെങ്ങന്നൂർ: നന്ദാവനം ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം കെ.എസ്.ടി.പി അടിയന്തര നടപടികൾ സ്വീകരിച്ചു. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് മൂന്നു വർഷം മുൻപ് നന്ദാവനം ജംഗ്ഷനിൽ എം.സി റോഡിനു കുറുകെ വീതിയിൽ ഓടകളും കലുങ്കുകളും നിർമ്മിച്ചിരുന്നു. കൂടാതെ എം.സി റോഡിൽ ആശുപത്രി, കെ.എസ്.ആർ.ടി.സി, വെള്ളാവൂർ ജംഗ്ഷനുകളിൽ വീതിയേറിയ കലുങ്കുകൾ നിർമ്മിച്ചു. എന്നാൽ കൃത്യമായ ഇടവേളകളിൽ ഓടകളിലെ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് ജല നിർഗമനം സുഗമമാക്കാൻ നഗരസഭ തയാറാകാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് ആക്ഷേപം ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളക്കെട്ട് പതിവായതിനെ തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം കെ.എസ്.ടി.പി ഉദ്യോഗസ്ഥർ ഞായറാഴ്‌ച്ച ബഥേൽ, നന്ദാവനം ജംഗ്ഷനുകളിൽ ഡ്രെയ്നേജ് ഇന്നുകളുടെ വ്യാപ്തി വർദ്ധിപ്പിച്ചു. എന്നാൽ നഗരസഭ ഓടകളിലെ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്തെങ്കിൽ മാത്രമേ വെള്ളക്കെട്ടുകൾ പൂർണമായി ഒഴിവാക്കാൻ കഴിയൂ എന്ന് കെ.എസ്.ടി.ടി.പിയും പറഞ്ഞു.
നഗരസഭ രാഷ്ട്രീയം കളിക്കുന്നു: സി.പി.എം
ചെങ്ങന്നൂർ നഗരസഭയുടെ അനാസ്ഥ മൂലം മഴക്കാലത്ത് നഗരത്തിലുണ്ടാക്കുന്ന വെള്ളക്കെട്ടിന് , സമൂഹ മാദ്ധ്യമങ്ങളിലടക്കം മന്ത്രി സജി ചെറിയാനെ കുറ്റപ്പെടുത്തുന്നതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ആരോപിച്ചു. നഗരസഭയുടെ പ്രാഥമിക കടമകളിലൊന്നായ ഓടകൾ വ്യത്തിയാക്കുക എന്ന പ്രവർത്തി പോലും ചെങ്ങന്നൂർ നഗരസഭ ബോധപൂർവം ചെയ്യുന്നില്ല. വികസന പ്രവർത്തനങ്ങളോട് നിഷേധാത്മക സമീപനമാണ് യു.ഡി.എഫ് നഗരസഭാ നേതൃത്വം കാട്ടുന്നത്. ഇതു മൂലം പൊതുജനങ്ങൾക്കും വ്യാപാരികൾക്കു മുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മന്ത്രിയുടെ പേരിലാക്കുന്നതിനുള്ള ദുരുദ്ദേശമാണ് ഇതിനു പിന്നിൽ. നഗരസഭ നേതൃത്വം അടിയന്തരമായി ഈ പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് ഏരിയ സെക്രട്ടറി എം. ശശികുമാർ പറഞ്ഞു.