മേക്കൊഴൂർ: ബസ് കുറവ് . മഴക്കാലത്തുപോലും വെള്ളംകിട്ടാത്ത സ്ഥലങ്ങൾ. വഴിവിളക്കില്ല. മേക്കൊഴൂരിന് പറയാനുള്ളത് ഇല്ലായ്മകളുടെ പട്ടികയാണ്.
കോഴഞ്ചേരി - കടമ്മനിട്ട - പത്തനംതിട്ട റോഡ് അത്യാധുനിക രീതിയിൽ നവീകരിച്ചിട്ട് ഒരു വർഷത്തിലേറെയായി. പക്ഷേ മേക്കൊഴൂർ വഴി പത്തനംതിട്ടയ്ക്കും കോഴഞ്ചേരിക്കും ഒരു ബസ് മാത്രമേയുള്ളു. മൈലപ്ര പഞ്ചായത്തിലെ ഒന്നാം വാർഡുകാർ യാത്രാ സൗകര്യമില്ലാതെ ദുരിതം അനുഭവിക്കുകയാണ്. നാലര കിലോമീറ്റർ നടന്ന് മണ്ണാരക്കുളഞ്ഞി ആശുപത്രിപ്പടിയിൽ എത്തണം ബസ് കയറാൻ. കൊവിഡിന് മുൻപ് കെ.എസ്.ആർ.ടി.സിയും പ്രൈവറ്റുമായി ആറ് ബസ് സർവീസുകൾ ഇതുവഴിയുണ്ടായിരുന്നു. ഇപ്പോൾ ഒരു സ്വകാര്യ ബസേയുള്ളു. ഇത് രാവിലെയും ഉച്ചയ്ക്കും മേക്കൊഴൂർ വഴി കടന്നുപോകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പത്തനംതിട്ട- ചെങ്ങന്നൂർ-കടമ്മനിട്ട- മേക്കൊഴൂർ വഴി ആങ്ങമൂഴിക്ക് കെ.എസ്.ആർ.ടി.സി ഒാർഡിനറി സർവീസ് തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം നിറുത്തലാക്കി.
അപകട വളവുകൾ ഏറെയുള്ള മേക്കൊഴൂരിൽ വഴിവിളക്ക് മിക്കപ്പോഴും പ്രകാശിക്കുന്നില്ല.
വെള്ളംകിട്ടും, വിലകൊടുത്താൽ
മൈലപ്ര പഞ്ചായത്തിലെ ഒന്ന്, രണ്ട്, 12, 13 വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ലക്ഷംവീട് കോളനി, വിളയിൽപീടിക, അഞ്ചാനിക്കുഴി ഭാഗങ്ങളിലാണ് നാട്ടുകാർ ഏറെ ബുദ്ധിമുട്ടുന്നത്. ഇൗ ഭാഗത്തേക്ക് പൈപ്പ് ലൈനുകൾ ഇല്ല. 1980ൽ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മൈലപ്ര ജലസേചന പദ്ധതി പ്രകാരം പൈപ്പുലൈനുകൾ സ്ഥാപിച്ചിരുന്നു. കഷ്ടിച്ച് ഒരാഴ്ച വെള്ളം കിട്ടി. അച്ചൻകോവിലാറിൽ കുമ്പഴയിൽ നിന്ന് ചെറുവള്ളിക്കര ടാങ്കിൽ വെള്ളമെത്തിച്ച് അവിടെനിന്ന് കണ്ണമ്പാറയിലും ചീങ്കൽത്തടത്തിലും എത്തിച്ച് പൈപ്പ്ലൈനിലൂടെ ജലവിതരണം നടത്തുന്ന പദ്ധതിയായിരുന്നു.
നാട്ടുകാർ ഇപ്പോൾ വില കൊടുത്ത് വെള്ളം വാങ്ങുകയാണ്. ഒരു ടാങ്ക് വെള്ളത്തിന് ദൂരം അനുസരിച്ച് 700 മുതൽ 1500രൂപ വരെ ഇൗടാക്കുന്നുണ്ട്.
മേക്കൊഴൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രം കോമ്പൗണ്ടിലെ പൊതുകിണറിൽ നിന്ന് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടാങ്കറിൽ സൗജന്യമായി വെള്ളം വിതരണം ചെയ്തിരുന്നു. ഒരിക്കലും വറ്റാത്ത കിണറിൽ നിന്ന് ഇപ്പോൾ വെള്ളമെടുക്കാൻ അനുവാദമില്ല. വേനൽക്കാലത്ത് കിണർ വറ്റിയാൽ ആശുപത്രിയിൽ ജലവിതരണം തടസപ്പെടുമെന്നാണ് കാരണമായി പറയുന്നത്.
'' റോഡ് വികസിച്ചതല്ലാതെ മേക്കൊഴൂരിൽ ഒന്നും നടന്നിട്ടില്ല. ഉയർന്ന പ്രദേശങ്ങളിൽ മഴക്കാലത്തും വെള്ളം കിട്ടാനില്ല. കുടിവെള്ള വിതരണത്തിന് പദ്ധതി വേണം. മേക്കൊഴൂർ വഴി കൂടുതൽ ബസ് സർവീസ് നടത്തണം.
വിദ്യാധരൻ, ശ്രീശൈലം മേക്കൊഴൂർ.
സി.എ തോമസ്, മേക്കൊഴൂർ.
---------
@ഒരുബസ് മാത്രം
@ വെള്ളമില്ല
@ വെളിച്ചമില്ല