തെങ്ങമം: പള്ളിക്കൽ പ്രിയദർശിനി കോളനിയിൽ കുടിവെള്ളമെത്തിക്കാൻ പൈപ്പിടൽ പുരോഗമിക്കുന്നു. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. പൈപ്പ് സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് ഫണ്ട് നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിനെതിരെ കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ മന്ത്രി റോഷി അഗസ്റ്റിന് പരാതി നൽകിയതോടെ ടെൻഡർ ക്ഷണിച്ച് ഒരു മാസത്തിനുള്ളിൽത്തെന്നെ പണി തുടങ്ങി.

പള്ളിക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് പ്രിയദർശിനി കോളനി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് പള്ളിക്കൽ. ആറാട്ടുചിറ കുടിവെള്ള പദ്ധതിയുമായി സംയോജിപ്പിക്കാനാണ് പ്രിയദർശിനി കോളനിയിലും തൊട്ടടുത്ത കൊട്ടയ്ക്കാട്ട് കോളനിയിലും പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. വാട്ടർ അതോറിറ്റിയുടെ എസ്റ്റിമേറ്റ് പ്രകാരം 2021 മാർച്ചിൽ 20 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകിയതോടെ വാട്ടർ അതോറിറ്റിയുടെ എസ്റ്റിമേറ്റ് തുക കൂടിയിട്ടുണ്ടന്നും കൂടിയ തുകയ്ക്കുള്ള എസ്റ്റിമേറ്റ് നൽകി പണമടച്ചാലെ വർക്ക് ചെയ്യു എന്നുമാണ് അധികൃതർ പറഞ്ഞത്. ഇത് വാർത്തയായതോടെ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുകയായിരുന്നു.കൊട്ടയ്ക്കാട്ട് കോളനിയിൽ പൈപ്പ് ലൈൻ വലിക്കുന്നതിന് 15 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടും എസ്റ്റിമേറ്റെടുക്കാൻ വാട്ടർ അതോറിറ്റി തയ്യാറായിരുന്നില്ല. ഇപ്പോൾ ഇവിടെയും ഇതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്.