ഇളമണ്ണൂർ: ലോക്ക് ഡൗണിൽ അയവ് ഉണ്ടായിട്ടും ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കര, കാരുവയൽ, കുടുത്ത പ്രദേശത്ത് യാത്രാക്ളേശം രൂക്ഷമാകുന്നു. കെ.പി റോഡിൽ നിന്നും പുനലൂർ - മൂവാറ്റുപുഴ റോഡിലെ പ്രധാന സ്ഥലങ്ങളായ കലഞ്ഞൂർ, പത്തനാപുരം, കോന്നി എന്നിവിടങ്ങളിൽ എത്തണമെങ്കിൽ കാൽനടയായി ഇന്ന് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. കൊവിഡിന് മുമ്പുണ്ടായിരുന്ന സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിക്കാത്തതാണ് ഇൗ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. യാത്രക്കാരുടെ ദുരിതം കണ്ടറിഞ്ഞ് കെ.എസ്.ആർ.ടി.സി അടൂർ, കോന്നി, പത്തനാപുരം ഡിപ്പോകളും അവസരത്തിനൊത്ത് ഉയർന്നില്ല. അഞ്ചോളം സ്വകാര്യ സർവീസുകളായിരുന്നു ഇൗ റൂട്ടിൽ സർവീസ് നടത്തി വന്നത്. ഇതിൽ ഒന്നുമാത്രമാണ് കൊവിഡ്കാല പ്രതിസന്ധികൾ അവസാനിച്ചതോടെ പുനരാരംഭിച്ചത്. ഇതിന് പുറമേ പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും വൈകിട്ട് അടൂരിലേക്ക് ഒരു സർവീസും. പ്ളാന്റേഷൻ മേഖലയുൾപ്പെടെയുള്ള പ്രദേശമാണ് ഇവിടം. തികച്ചും ഗ്രാമീണ മേഖലയും. സ്വകാര്യ വാഹനങ്ങൾ ഇല്ലാത്ത നിരവധി കുടുംബങ്ങൾക്ക് ബസ് സർവീസ് മാത്രമാണ് ആശ്രയം. അടൂർ ഡിപ്പോയിൽ നിന്നും പുതുമല - തേപ്പുപാറ - പൂതങ്കര വഴി ഉണ്ടായിരുന്ന സർവീസും നിലച്ചതോടെ ഇൗ മേഖലയിലുള്ള യാത്രക്കാരും വഴിയാധാരമായി. പല കെ.എസ്.ആർ.ടി.സി സർവീസുകളും ഇന്നില്ല. അതേ സമയം സ്വകാര്യ ബസുകൾ കുത്തകയാക്കിവെച്ചിരുന്ന പല റൂട്ടുകളിലും പിടിമുറുക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ ശ്രമം സ്വകാര്യ ബസ് ലോബികളുടെ ശക്തമായ നിലപാടുകൾ കാരണം പാളുകയും ചെയ്തു. ഫലത്തിൽ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സഹായത്തിന് സ്വാകാര്യ ബസുകളുമില്ല, അവസരം മുതലാക്കാൻ കെ.എസ്.ആർ.ടി. സിയുമില്ല. ഇതോടെ ദുരിതക്കയത്തിലായത് പാവം ജനങ്ങളും.
...................
ഇളമണ്ണൂർ - പൂതങ്കര - കാരുവയൽ - കുടുത്ത - കലഞ്ഞൂർ റൂട്ടിലെ യാത്രാക്ളേശം രൂക്ഷമാണ്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത പാവപ്പെട്ടവരാണ് ഏറെ വലയുന്നത്. നേരത്തെ ഉണ്ടായിരുന്ന സ്വകാര്യ ബസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കേണ്ടതിനൊപ്പം ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് കെ.എസ്.ആർ.ടി.സിയും സർവീസുകൾ ആരംഭിക്കാൻ അടിയന്തര നടപടി വേണം.
രാജേഷ് കുമാർ,
(കേരളകൗമുദി ഏജന്റ്, പൂതങ്കര)