പത്തനംതിട്ട :​ റാന്നി​ പഴവങ്ങാടി പഞ്ചായത്തിലുൾപ്പെട്ട ഇട്ടിയപ്പാറ ടൗണിൽ ഓട്ടോറിക്ഷാ പാർക്കിംഗ് കാരണമുണ്ടാകുന്ന ഗതാഗതകുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഐത്തല റോഡിലേക്ക് തിരിയുന്ന സ്ഥലത്താണ് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത്. ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. പഞ്ചായത്ത് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരനായ മുതിർന്ന പൗരൻ ഏബ്രഹാം തോമസ് സമർപ്പിച്ച പരാതിയിൽ പറയുന്നു. മൂന്ന് ഓട്ടോറിക്ഷകൾ പിന്നിലേക്ക് പാർക്ക് ചെയ്താൽ തീർക്കാവുന്ന വിഷയമാണിതെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരൻ നിർദ്ദേശിക്കുന്ന വിധത്തിൽ ഓട്ടോറിക്ഷകൾ മാറ്റി പാർക്ക് ചെയ്യാൻ പഞ്ചായത്ത് കർശന നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി റാന്നി​ പഴവങ്ങാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.