ചെങ്ങന്നൂർ: പതിറ്റാണ്ടുകളുടെ സ്മരണകളുണർത്തിയുള്ള അവൽ നേർച്ച പെസഹാ വ്യാഴാഴ്ച ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നടക്കും. ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10നാണ് അവൽ ഭക്തജനങ്ങൾക്ക് വിളമ്പുന്നത്. നാലര പതിറ്റാണ്ട് മുമ്പ് മുക്കത്ത് തറവാട്ടിലെ അക്കാമ്മ അമ്മച്ചി തുടക്കം കുറിച്ച ആചാരം ഇന്നും മുക്കത്ത് കുടുംബാംഗങ്ങൾ തുടർന്നുകൊണ്ട് പോകുന്നു.പെസഹാ ദിവസം പള്ളിയിൽ കുർബാനക്ക് ശേഷം കഴിക്കാനായി അമ്മച്ചി കൈവശം വച്ചിരുന്ന അവൽ സമീപം നിന്നിരുന്ന മറ്റു വിശ്വാസികൾക്കും പകർന്നു നൽകി. തുടർന്നുള്ള വർഷങ്ങളിലും ഈ ആചാരം തുടർന്നു.അമ്മച്ചിയുടെ മരണ ശേഷവും 1901ൽ മുക്കത്ത് കുടുംബയോഗ രൂപീകരണത്തിന് ശേഷം വിപുലമായ രീതിയിൽ പിന്മുറക്കാർ ഈ ആചാരം തെറ്റാതെ എല്ലാവർഷവും നടത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൊവിഡ് കാരണം അവൽ നേർച്ച മുടങ്ങിയിരുന്നു. 300 കിലോ അവൽ 1500തേങ്ങ,13 പാട്ട ശർക്കര മറ്റു സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ് അവൽ നിർമ്മിക്കുന്നത്. ഇതിനായി തേങ്ങാ ചിരണ്ടിയെടുക്കാൻ ഉപയോഗിക്കുന്ന ചിരവയ്ക്കും പ്രത്യേകത ഉണ്ട്. എട്ട് നാക്കുളള ഒറ്റത്തടിയിൽ നിർമ്മിച്ചതാണ് ചിരവ.
വിളയിച്ച അവൽ കുർബാനക്കു ശേഷം വൈദീകർ വാഴ്ത്തി വിശ്വാസികൾക്ക് അവർ കൈവശം കൊണ്ടുവരുന്ന തുണിയിൽ നൽകും.