പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി സിഫ്റ്റ് എ.സി സെമി സ്ലീപ്പർ സർവീസ് മന്ത്രി വീണാ ജോർജ് ഫ്ളാഗ് ഓഫ് ചെയ്തു. അടുത്ത ദിവസം രണ്ടു ബസുകൾ കൂടി ജില്ലയിലേക്ക് എത്തുമെന്ന് മന്ത്രി പറഞ്ഞു. ഒന്ന് മൈസൂർ മംഗലാപുരം റൂട്ടിൽ സർവീസ് നടത്തും.
വൈകിട്ട് 5.30 നാണ് പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിക്കുക. കോട്ടയം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴിയാണ് ബംഗളുരുവിൽ എത്തുക. രാത്രി 7.30 ന് തിരികെ ബംഗളൂരിൽ നിന്ന് പുറപ്പെടും. സംസ്ഥാന സർക്കാർ പുതിയതായി രൂപീകരിച്ച കെ.എസ്.ആർ.ടി.സി സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എ.സി സെമി സ്ലീപ്പർ ബസ്.
ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവീസ് ടിക്കറ്റുകളും ഓൺലൈൻ വഴി ലഭ്യമാകും.
നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.കെ. പുരുഷോത്തമൻ പിള്ള, കൗൺസിലർമാരായ എസ്. ഷമീർ, സുമേഷ് ബാബു, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുമ്പ്രം, പ്രൊഫ. ടി.കെ.ജി നായർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, നൗഷാദ് കണ്ണങ്കര, ഡിടിഒ തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.