kalabham
കളഭാഭിഷേകത്തിന് മുന്നോടിയായി ബ്രഹ്മകലശം പ്രദക്ഷിണമായി ശ്രീകോവിലേക്ക് എഴുന്നെള്ളിക്കുന്നു.

ശബരിമല : വിഷു ഉത്സവ പൂജകൾ തുടങ്ങിയ ശബരിമലയിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ തീർത്ഥാടകരുടെ തിരക്കേറി. ഞായറാഴ്ച വൈകിട്ട് നട തുറന്നെങ്കിലും ഭക്തർക്ക് ദർശനാനുമതിയില്ലായിരുന്നു. ഇന്നലെ പതിനാറായിരത്തോളം പേർ ദർശനം നടത്തി.

ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും തീർത്ഥാടകർ മല കയറിയെത്തി. ഇന്നലെ പുലർച്ചെ അഞ്ചിന് നട തുറന്ന് നിർമ്മാല്യ ദർശനവും അഷ്ടാഭിഷേകവും നടത്തി. തുടർന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമ്മിത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. ഉഷഃപൂജയ്ക്ക് ശേഷം ഉദയാസ്തമന പൂജയും ഉച്ചപൂ‌ജയ്ക്ക് മുന്നോടിയായി 25 കലശവും നടന്നു. തുടർന്നായിരുന്നു കളഭാഭിഷേകം. . പാണി കൊട്ടിയ ശേഷം, പൂജിച്ച കളഭം നിറച്ച സ്വർണക്കുടം മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ഏറ്റുവാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രപ്രദക്ഷിണം നടത്തി ശ്രീകോവിലിലെത്തിച്ചു. അയ്യപ്പ വിഗ്രഹത്തിൽ കളഭം അഭിഷേകം ചെയ്തു. വൈകിട്ട് ദീപാരാധാനയ്ക്ക് ശേഷം പടി പൂജയും പുഷ്പാഭിഷേകവും നടന്നു.