rajeevan
വിളക്കണഞ്ഞു... തിരുവല്ല നിരണത്ത് കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ കാണാത്രപറമ്പ് വീട്ടിൽ രാജീവന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരയുന്ന ഭാര്യ പുഷ്പലത

തിരുവല്ല : വേനൽമഴയെ തുടർന്നുണ്ടായ നെൽകൃഷി നാശവും സാമ്പത്തിക ബാദ്ധ്യതകളും കാരണം ഞായറാഴ്ച വൈകിട്ട് പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിരണം വടക്കുംഭാഗം കാണാത്രപറമ്പിൽ വീട്ടിൽ രാജീവന്റെ (49) മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇന്നലെ രാവിലെ 9.30ന് മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ചു. രാഷ്ട്രീയ,സാമൂഹിക, രംഗത്തെ നേതാക്കളും കർഷകരും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധിയാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. സംസ്കാര ചടങ്ങുകൾക്കിടെ രാജീവിന്റെ സഹോദരൻ പ്രകാശ് കുഴഞ്ഞുവീഴുകയുണ്ടായി. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ, കോൺഗ്രസ് നേതാവ് എം.എം.ഹസ്സൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.ജി.രതീഷ് കുമാർ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ആർ.സനൽകുമാർ, ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.