ചെങ്ങന്നൂർ: ആലാഗ്രാമസേവാസമിതിയുടെ നേതൃത്വത്തിൽ അഞ്ചുദിവസം നീണ്ടു നിൽക്കുന്ന ആറാമത് ആലാ ഹിന്ദുമതപരിഷത്തിന് ഇന്ന് തുടക്കമാകും. പെണ്ണുക്കര ദേവീക്ഷേത്രമൈതാനിയിൽ വൈകിട്ട് 5ന് ആരംഭിക്കുന്ന സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ഉദ്ഘാടനം ചെയ്യും. ഗ്രാമസേവാസമിതി അദ്ധ്യക്ഷൻ അമൃതരാജ് അദ്ധ്യക്ഷത വഹിക്കും. മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ് സൈബർയുഗവും സനാതനധർമ്മവും എന്നവിഷയത്തിൽ പ്രബന്ധമവതരിപ്പിക്കും. ഗ്രാമസേവാസമിതി കാര്യദർശി ഹരികൃഷ്ണ ഭാരതി സ്വാഗതവും ടി.സി രാജീവ് കൃതജ്ഞതയും പറയും.
നാളെ വൈകിട്ട് 3ന് നടക്കുന്ന സ്ത്രീസഭയിൽ ആർഷവിദ്യാസമാജം കോ-ഓഡിനേറ്റർ ശ്രുതി 'സൈബറിടങ്ങളിൽ മലയാളി പെൺകുട്ടി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വൈകിട്ട് 5ന് സനാതനധർമ്മം രാഷ്ട്രനവോത്ഥാനത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഒ.എസ് സതീഷ് കൊടകര, കാ.ഭാ സുരേന്ദ്രൻ, ടി.യു ലാൽ ആലുവ എന്നിവർ പ്രഭാഷണം നടത്തും.
15ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, ബ്രഹ്മചാരി സുധീർ ചൈതന്യ എന്നിവർ ശ്രീകൃഷ്ണ ഭാഗവതദർശനങ്ങളെ പറ്റി പ്രഭാഷണങ്ങൾ അവതരിപ്പിക്കും. 16ന് വൈകിട്ട് 3ന് നടക്കുന്ന യുവസംഗമവും ആദ്ധ്യാത്മിക സഭയും കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. യുവസംവിധായകൻ വിഷ്ണുമോഹനെ ആദരിക്കും. യുവതലമുറ നിരീക്ഷകരോ, നിർണ്ണയിക്കേണ്ടവരോ എന്നവിഷയത്തിൽ മാദ്ധ്യമ സംവാദകൻ ശ്രീജിത്ത് പണിക്കർ യുവജനങ്ങളുമായി സംവദിക്കും. വൈകിട്ട് 5ന് ഡോ.എൻ.ആർ മധു, അഡ്വ.ശങ്കു ടി.ദാസ്, സന്ദീപ് വചസ്പദി എന്നിവർ വിവിധവിഷയങ്ങളിൽ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷതവഹിക്കും. സമാപന ദിനമായ 17ന് വൈകിട്ട് 5ന് സാഹിത്യ നിരൂപകൻ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി എന്നിവർ പ്രഭാഷണം നടത്തും. ആലാ പി. പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് രാത്രി 8.30ന് കഥകളി സദസ് നടക്കും.