13-chittilapadam
പന്തളം ചിറ്റിലപ്പാടത്തെ കൃഷി നശിച്ച നിലയിൽ

പന്തളം: പന്തളം നഗരസഭയിലെ ചിറ്റിലപ്പാടത്തെ നെൽകർഷകർ തങ്ങളുടെ നെൽകൃഷിയിൽ നിന്നും വിളവെടുക്കാൻ കഴിയുമോ എന്ന ആശങ്കയിൽ. കാലംതെറ്റി പെയ്ത മഴ നെൽ കൃഷിയിറക്കാൻ കാലതാമസം നേരിട്ടെങ്കിൽ വേനൽ മഴയും കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഏപ്രിൽ അവസാനവാരവും മേയ് ആദ്യവാരവുമായ് വിളവെടുക്കാൻ തയാറായി വരുന്ന നെൽകൃഷിക്കാണ് ഈ സ്ഥിതി ഉണ്ടായിരിക്കുന്നത്. കൃഷിയിറക്കാൻ താമസിച്ചപ്പോൾ മൂപ്പുകുറഞ്ഞ വിത്താണ് കർഷകർക്ക് നടുവാനായി കൃഷി ഓഫീസിൽ നിന്നും നൽകിയത്. പാകമാകാത്ത നെല്ലിൽ കൂറ്റൻ കതിരുകളാണുള്ളത്.പുഞ്ചയിൽ നിറയുന്ന വെള്ളം ഡീവാട്ടറിഗ് നടത്താനുള്ള സൗകര്യമില്ലാത്തതും തോടുകളിൽ കാടും പായലും നിറഞ്ഞു കിടക്കുന്നതിനാൽ വെള്ളം ഒഴിഞ്ഞുപോകാനും കഴിയാത്ത അവസ്ഥയാണ്. മുണ്ടൻ തോട് നവീകരണത്തിനായി നഗരസഭ അമ്പതിനായിരം രൂപ അനുവദിച്ചെങ്കിലും ഇത് പര്യാപ്തമല്ല. ബാങ്ക് വായ്പയെടുത്തും കൊള്ള പലിശയക്കു പണമെടുത്തം കൃഷിയിറക്കിയ കർഷകരുടെ ആശങ്കയകറ്റാൻ ഡി.വാട്ടറിംഗ് ഉൾപ്പെടെയുള്ള അടിയന്തര നടപടി എടുക്കണമെന്ന് പന്തളം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ വിജയകുമാർ.കെ.ആർ രവി പന്തളം മഹേഷ് സുനിതാ വേണു രത്‌നമണി സുരേന്ദ്രൻ എന്നിവർ നഗരസഭാഭരണാധികാരികളോടും കൃഷി മന്ത്രി, കൃഷി ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടു.