ചെങ്ങന്നൂർ: മരക്കൊമ്പുകൾ മുറിച്ചിട്ട് ആശുപത്രിയിലേക്കുളള വഴി തടസപ്പെടുത്തിയതായി പരാതി. ചെങ്ങന്നൂർ നഗരസഭയുടെ അധീനതയിലുളള കോലാമുക്കം പമ്പാതീരത്തുളള ആയൂർവേദ-ഹോമിയോ ആശുപത്രിയിലേക്കാണ് രോഗികൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം വഴി തടസപ്പെട്ടത്. നാലു ദിവസം മുൻപാണ് രണ്ടു വഴികളുളള ആശുപത്രിയുടെ ഒരു വഴിയിലേക്ക് മരം കടപുഴകി വീണത്. എന്നാൽ ഇത് വെട്ടിമാറ്റുന്നതിനു പകരം വീണ മരത്തിന്റെ ചില്ലകൾ രണ്ടാമത്തേ വഴിയിലേക്കും ഉടമതന്നെ വെട്ടിയിട്ട് അടയ്ക്കുകയായിരുന്നു.ഇതോടെ ചികിത്സ തേടിയെത്തിയ രോഗികൾ ആശുപത്രിയിലേക്ക് കടക്കാനാകാതെ തിരികെ പോയി. പ്രതിമാസം 40000രൂപ വാടക ഇനത്തിൽ നൽകിയാണ് രോഗികൾക്കായി ഈ ആശുപത്രി തുറന്നത്. നഗരസഭയുടെ ഏറ്റവും താഴ്ന്ന പ്രദേശമായതിനാൽ ഇവിടെ പലപ്പോഴും വെളളം കയറുന്നതും പതിവാണ്. ആശുപത്രിയുടെ പ്രവർത്തനം നഗരത്തിൽ വാഹനസൗകര്യമുളള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.