പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയും, വിഷുവിനു ശാഖകളിൽ നടക്കുന്ന സാമൂഹ്യ ക്ഷേമനിധി സംഭരണവും, വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റേയും നേതൃത്വത്തിൽ നടക്കുന്ന കലോത്സവവും വിജയിപ്പിക്കാൻ ശാഖാ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമെടുത്തു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ യോഗം ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, എസ്.സജിനാഥ്, പി.വി രണേഷ്, പി.സലിംകുമാർ മൈക്രോ ഫൈനാൻസ് കോ - ഓർഡിനേറ്റർ കെ.ആർ.സലീലനാഥ് എന്നിവരും യൂണിയനിലെ 53 ശാഖകളിൽ നിന്നുള്ള സെക്രട്ടറിമാരും പങ്കെടുത്തു.യൂണിയന്റെ ഭവന നിർമ്മാണ പദ്ധതിയായ ഗുരുപ്രസാദത്തിനു ഒരു വിഷുകൈനീട്ടം പദ്ധതിയുടെയും, യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രതജ ജൂബിലിയുടെയും ഭാഗമായി സമൂഹത്തിലെ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി വിജയത്തിലേക്ക് കടക്കുകയാണ്. യൂണിയൻ നിർമ്മിക്കുന്ന 12-ാമത് ഭവനത്തിന്റെ പണികൾ വള്ളിക്കോട് ശാഖയിൽ പൂർത്തിയാവുകയാണ്. ഇതിന്റെ പണികൾ പൂർത്തിയായാൽ ഐരവൺ, ചെങ്ങറ ശാഖകളിലെ വീടുകളുടെ നിർമ്മാണം ആരംഭിക്കും. കലാ കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്താനായി സംസ്ഥാന തലത്തിൽ നടത്തുന്ന കലോത്സവത്തിന്റെ ഭാഗമായി യൂണിയനിൽ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിറ്റിയും നേതൃത്വത്തിൽ കലോത്സവം സംഘടിപ്പിക്കും. യൂണിയനിൽ നിന്നും ഒന്നാമതായി വിജയിച്ചവർക്ക് ജില്ലാ തലത്തിലും അവിടെനിന്നും വിജയിച്ചവർക്ക് മേഖലാ തലത്തിലും, തുടർന്ന് സംസ്ഥാന തലത്തിലും മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയും.വിഷുവിനു ശാഖാ ഭാരവാഹികൾ സാമൂഹ്യ ക്ഷേമനിധി സംഭരിച്ചു. ശാഖകളിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് നൽകും.