ചെങ്ങന്നൂർ: നഗരസഭ 10ാം വാർഡ് പുത്തൻകാവിൽ കാട്ടുപന്നികളുടെ ശല്യത്തെ തുടർന്ന് വ്യാപക കൃഷിനാശം. അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ മിനി സജൻ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ് മനോജിന് പരാതി നൽകി. ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ ഐക്കാട് പാലത്തിനു സമീപം കുറ്റിയിൽ പള്ളിയുടെ ഭാഗങ്ങളിലാണ് പന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചിരിക്കുന്നത്. കിഴക്കേ കുറ്റിയിൽ പി.ജെ.വർഗീസ്, പുളിക്കലേത്ത് കുറ്റിയിൽ തോമസ് സക്കറിയ, മലയിൽ അയിരുക്കുഴിയിൽ മാമ്മൻ തോമസ്, മലയിൽ ആയിരുക്കുഴിയിൽ വർഗീസ് തോമസ് തുടങ്ങി നിരവധി പേരുടെ കപ്പ, ചേന, ചേമ്പ്, വാഴ, തെങ്ങിൻ തൈകൾ എന്നിവ കാട്ടുപന്നികൾ നശിപ്പിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ കീഴിലുള്ള ചെങ്ങന്നൂർ കോഴഞ്ചേരി റോഡ്, പുത്തൻകാവ് പിരളശേരി റോഡ് എന്നീ പ്രധാന റോഡുകളും നിരവധി മുനിസിപ്പൽ റോഡുകളും ഉള്ളതിനാൽ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനക്കാർക്കും അപകടങ്ങൾ ഉണ്ടാകുനുള്ള സാദ്ധ്യതയേറെയാണെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മിനി സജൻ നൽകിയ പരാതിയിൽ പറയുന്നു. വിഷയം ചർച്ച ചെയത് സുരക്ഷാ നടപടി സ്വീകരിക്കുന്നതിനായി വിവിധ വകുപ്പ് ജീവനക്കർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്ന അടിയന്തര ജാഗ്രതാസമിതി യോഗം ഇന്ന് ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് കൗൺസിലർ മിനി സജൻ അറിയിച്ചു.

....................

.വാർഡുകൗൺസിലർ റാന്നിറേഞ്ച്‌ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകി
.അടിയന്തര ജാഗ്രതാസമിതിയോഗം ഇന്ന് ഉച്ചയ്ക്ക് 2ന്‌