മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ തുടങ്ങി
തിരുവല്ല: മതേതരത്വം കള്ളനാണയമാണെന്നും മതവും ജാതിയും വർഗവും വർണവുമൊക്കെയുള്ള സാമൂഹ്യസത്യങ്ങൾ പച്ച പോലെ നിലനിൽക്കുമ്പോൾ ഇതൊന്നുമില്ലെന്ന് പറയുന്നത് പൊള്ളത്തരമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 13-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാക്കുന്നത്. ഡോ. പല്പുവിനുണ്ടായ ജാതി വിവേചനത്തിൽ നിന്ന് വളർച്ച പ്രാപിച്ച പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരങ്ങളില്ലാതെ ഈഴവ സമുദായം വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. ഇതുമൂലം തൊഴിലുറപ്പിൽത്തന്നെ നിൽക്കുകയാണ് ഭൂരിഭാഗവും. ഏഴ് ജില്ലകളിൽ സമുദായത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളില്ല. സംഘടിത മതവിഭാഗങ്ങൾ അധികാരത്തിലേറി സ്വകാര്യസ്വത്തായി വേണ്ടതെല്ലാം ഒപ്പിട്ടെടുത്തു. സർക്കാർ സർവീസിൽ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞ് സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് നടപ്പാക്കി. തിരുവിതാംകൂർ ദേവസ്വംബോർഡിൽ പ്രാതിനിധ്യം കുറവുള്ള സമുദായങ്ങൾക്കായി സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താൻ സർക്കാർ തയ്യാറാകുമോ?.. സംഘടിത മതവിഭാഗങ്ങളെ പ്രീണിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുമ്പോൾ അധഃസ്ഥിത പിന്നാക്കവിഭാഗങ്ങൾക്ക് അവഗണനയും പീഡനവുമാണ്. സാമൂഹ്യനീതിക്ക് നിരക്കാത്ത പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ, ബ്രേക്കിംഗ് ന്യൂസിനുവേണ്ടി തരംതാണ വിഷയങ്ങളിലാണ് വിവാദമുണ്ടാക്കുന്നത്. അധികാരത്തിലെത്തിയ സി. കേശവനെയും ആർ. ശങ്കറിനെയും ഗൗരിഅമ്മയെയും വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയുമെല്ലാം ജാതി പറഞ്ഞ് ആക്ഷേപിച്ച് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നു. ചാതുർവർണ്യ വ്യവസ്ഥ പോലെ ജനസംഖ്യാവർദ്ധനയിലൂടെ അധികാരം പിടിച്ചെടുക്കാനും, മറ്റുള്ളവരെ ഇല്ലാതാക്കാനുമുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്-വെള്ളാപ്പള്ളി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.. . യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ വിശിഷ്ടാതിഥിയായി. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറിമാരായ പി.എസ്.വിജയൻ, ടി.പി.സുന്ദരേശൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാസെക്രട്ടറി എ.പി.ജയൻ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു, സെക്രട്ടറി ദിവാകരൻ, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് തങ്കപ്പൻ, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ, യൂണിയൻ മുൻസെക്രട്ടറി കെ.ആർ.സദാശിവൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, രാജേഷ്‌കുമാർ, സരസൻ ഓതറ, മനോജ് ഗോപാൽ, പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.ജി.രവീന്ദ്രൻ , സൈബർസേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവെലിൽ, വനിതാസംഘം സെക്രട്ടറി സുധാഭായി എന്നിവർ പ്രസംഗിച്ചു. രാവിലെ വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ ഓതറ കുമാരനാശാൻ ശാഖയുടെ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച ദിവ്യജ്യോതി പ്രയാണഘോഷയാത്ര യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ കൺവെൻഷൻ നഗറിൽ സ്വാമി ശിവബോധാനന്ദ ദിവ്യജ്യോതി പ്രതിഷ്ഠാ കർമ്മം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തി. ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ എന്ന വിഷയത്തിൽബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തി. ജീവിതത്തിൽ ഈശ്വരാർപ്പണ ബുദ്ധിയോടെ സേവനം ചെയ്യാനാകണമെന്ന് അദ്ദേഹം പറഞ്ഞു.
കൺവെൻഷൻ നഗറിൽ ഇന്ന്
രാവിലെ 9ന് ശാന്തിഹവനം, 9.30ന് വിശ്വശാന്തി പ്രാർത്ഥന.എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും. 10ന് ഐക്യമത്യം എന്ന വിഷയത്തിൽ സ്വാമി ഗുരുപ്രകാശം പ്രഭാഷണം നടത്തും.12ന് കാർഷിക സമ്മേളനം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഒന്നിന് ഗുരുപ്രസാദവിതരണം . 1.45ന് കുടുംബജീവിതം ഗുരുദേവ സങ്കൽപ്പത്തിൽ എന്ന വിഷയത്തിൽ കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി പ്രഭാഷണം നടത്തും.