കൊടുമൺ: കഴിഞ്ഞ നാലു വർഷമായി കൃഷി വകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും സഹായത്തോടെ കൊടുമണ്ണിൽ പ്രവർത്തിക്കുന്ന കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയെ മികവിന്റെ അടിസ്ഥാനത്തിൽ ലിമിറ്റഡ് കമ്പനിയായി സർക്കാർ അംഗീകരിച്ചു. കൊടുമൺ പഞ്ചായത്തിലെ കർഷകരുടെ കൂട്ടായ്മയാണ് കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി . സി.പി.എം കൊടുമൺ ഏരിയ കമ്മിറ്റി സെക്രട്ടറി എ. എൻ. സലീമാണ് പ്രസിഡന്റ് . സൊസൈറ്റിയുടെ ആദ്യ ഉൽപ്പന്നമായ കൊടുമൺ റൈസിനും അനുബന്ധ ഉൽപ്പന്നങ്ങൾക്കും സംസ്ഥാനത്തിന് പുറത്തും വലിയതോതിൽ അംഗീകാരം ലഭിച്ചു . കൃഷിവകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും വിവിധ പദ്ധതികളിൽപ്പെടുത്തി മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള യന്ത്രസാമഗ്രികളും സൊസൈറ്റിക്ക് അനുവദിച്ചു. കൊടുമണ്ണിലെ തേനീച്ച കർഷകർ ഉത്പാദിപ്പിക്കുന്ന തേനിന്റെ വിപണി ഇന്ന് ഉദ്ഘാടനം ചെയ്യും. കൊടുമൺ രുചീസ് മൂല്യവർദ്ധിത യൂണിറ്റിലെ വിപണന യൂണിറ്റ് ഉദ്ഘാടനം ഇന്ന് രാവിലെ 10 30 ന് മന്ത്രി വീണാജോർജ് നിർവഹിക്കും.. യന്ത്രസാമഗ്രികൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കൊടുമൺ ഹണി വിപണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ളയും , ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജാൻസി കെ കോശിയും മറ്റു പദ്ധതികൾ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന പ്രഭ, അഡ്വ. ആർ ബി . രാജീവ് കുമാർ, കുഞ്ഞന്നാമ്മക്കുഞ്ഞ് എന്നിവരും ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ അദ്ധ്യക്ഷനായിരിക്കും. എ എൻ സലിം സ്വാഗതം പറയും കൃഷി ഓഫീസർ എസ് ആദില റിപ്പോർട്ട് അവതരിപ്പിക്കും.