പന്തളം: നഷ്ടപ്പെട്ടെന്നു കരുതിയ കിടപ്പാടം കേരളാ ബാങ്ക് പന്തളം ബ്രാഞ്ച് രാജമ്മയ്ക്ക് വിഷുക്കൈനീട്ടമായി തിരികെ നല്കുന്നു. ബാങ്കിന്റെ പന്തളം ശാഖയിലെ സൗഹൃദ കൂട്ടായ്മയിൽ പണിത വീടിന്റെ താക്കോൽ ഇന്ന് രാജമ്മയ്ക്ക് സമ്മാനിക്കും. വായ്പ തിരിച്ചടയ്ക്കാനാകാതെ വിഷമിച്ചപ്പോൾ നോട്ടീസ് പതിച്ച് ജപ്തി നടപടികൾ നടപ്പാക്കാനെത്തിയ ബാങ്ക് അധികാരികൾ തന്നെ മുൻകൈയെടുത്താണ് പന്തളം തോന്നല്ലൂർ ഇളശേരിൽ രാജമ്മയ്ക്കും സഹോദരങ്ങളായ കൃഷ്ണനും രാജിയ്ക്കുമായി വീട് വെച്ചു നൽകിയത്. ബാങ്ക് ജീവനക്കാർക്കൊപ്പം നല്ല മനസുകൾ നൽകിയ പണം കൂടി ഉപയോഗിച്ചാണു പകുതി പണിത വീട് നിന്ന സ്ഥലത്ത് ഇവർക്കായി പുതിയ വീടു പണിതത്. 2008ൽ ആകെയുള്ള 10 സെന്റ് ഭൂമി പണയപ്പെടുത്തിയാണ് വീടെന്ന മോഹത്തിന് തുടക്കം കുറിച്ചത്. ജില്ലാ സഹകരണ ബാങ്ക് പന്തളം ശാഖയിൽനിന്നും ഒരുലക്ഷം രൂപാ വായ്പയെടുത്തപ്പോൾ കൂലിവേല ചെയ്ത് അടച്ചു തീർക്കാമെന്നു കരുതിയെങ്കിലും ദുരന്തങ്ങൾ ഇവരുടെ പണം അടവിന് ഭംഗം വരുത്തി. പെയിന്റിംഗ് തൊഴിലാളിയായ കൃഷ്ണന് പണിക്കിടയിലുണ്ടായ അപകടവും പഴയ വീടിനുണ്ടായ തീപിടിത്തവും കാരണം പലിശയടയ്ക്കാതെ വായ്പത്തുക ഏറിവന്നു. ഒരുലക്ഷത്തി 2,45000 രൂപവരെ എത്തിയപ്പോൾ ജപ്തി നടപടിയിലെത്തി. ഇവരുടെ വിഷമം കണ്ട് സഹായിക്കാനായി ബാങ്ക് മാനേജർ കെ.സുശീലയുടെ നേതൃത്വത്തിൽ ജീവനക്കാർ കൈകോർത്തു. ജീവനക്കാരും പിരിഞ്ഞുപോയവരുടെയും ജീവനക്കാരുടെയും കൂട്ടായ്മയും സഹായം നൽകി. 98,828 രൂപാ അടച്ച് ആധാരം തിരികെ നൽകി. പകുതി പണിത വീടിന്റെ സ്ഥാനത്ത് ഒരു വീട് വെയ്ക്കാനായി നടത്തിയ ശ്രമവും വിഫലമായില്ല. വെള്ളായണി കാർഷിക കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ കൂടുതൽ സഹായിച്ചു.