തിരുവല്ല: സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോഴും വീടും ഭൂമിയുമൊക്കെ ഇല്ലാത്തവരായി അധഃസ്ഥിത പിന്നാക്കവിഭാഗങ്ങൾ ജീവിക്കുന്നത് ദുഃഖകരമാണെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം മുത്തൂർ ശാഖായോഗത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധന കുടുംബത്തിന് നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ യഥാർത്ഥഗുണങ്ങൾ ലഭിക്കാതെ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് പിന്നാക്കവിഭാഗങ്ങൾ തള്ളിമാറ്റപ്പെട്ടു. കൃഷിനശിച്ച് കടംകയറി ആത്‍മഹത്യ ചെയ്ത കർഷകരെ സഹായിക്കാൻ സർക്കാരിനും സമൂഹത്തിനും ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമപെൻഷനും ചികിത്സാസഹായ വിതരണവും യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവർ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി, സെക്രട്ടറി ജയൻ തുമ്പയിൽ, യൂണിയൻ കൗൺസിലർ സരസൻ ഓതറ, വനിതാസംഘം സെക്രട്ടറി സുജാത മതിബാലൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ചിന്തുരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗാനമേള നടന്നു.