
പത്തനംതിട്ട : ലഹരിക്കേസുകൾ നാൾക്കുനാൾ വർദ്ധിക്കുകയാണ് ജില്ലയിൽ. ലഹരി ഉത്പന്നങ്ങൾ ഒരു കിലോയിൽ കൂടുതൽ കൈവശം വച്ചാൽ മാത്രമേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയു. ഇതറിയാവുന്ന പ്രതികൾ ഒരു കിലോയിൽ താഴെയായി പലരുടെ കൈവശമായാണ് ലഹരി സൂക്ഷിച്ച് വിൽപ്പന നടത്തുന്നത്. പിടികൂടിയാലും ജാമ്യം നൽകി ഇവരെ വിട്ടയക്കേണ്ടി വരും. ഒരുതവണ പിടിച്ച് വിട്ടവരെ വീണ്ടും പിടിച്ചാലും ഇതേ കാരണത്താൽ വിട്ടയക്കേണ്ടി വരും. ഇന്നലെയും ജില്ലാ പൊലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേരും യുവാക്കൾ ആണ്. ലഹരിക്കേസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതികളിലധികവും ചെറുപ്രായക്കാരാണ്. ഇവരിൽ അധികവും ലഹരിക്ക് അടിമകളുമാണ്.
മൂന്ന് മാസത്തിനുള്ളിൽ 401 അബ്കാരി കേസുകളും 53 കഞ്ചാവ് കേസുകളുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അബ്കാരി കേസിൽ 358 പേരേയും കഞ്ചാവ് കേസിൽ 43 പേരെയും ജനുവരി മുതൽ മാർച്ച് വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോടികൾ വിലവരുന്ന എം.ഡി.എം.എ കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മദ്യം നൽകി പീഡിപ്പിച്ച കേസും ജില്ലയിലുണ്ടായി. വിഷു, ഈസ്റ്റർ പ്രമാണിച്ച് എക്സൈസും പൊലീസും സ്ക്വാഡ് സജീവമായി രംഗത്തുണ്ട്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലഹരികൾ ജില്ലയിലേക്ക് ഒഴുകുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
2022 ജനുവരി മുതൽ മാർച്ച്
വരെയുള്ള കേസുകൾ
അബ്കാരി കേസ് : 401
കഞ്ചാവ് കേസ് : 53
അബ്കാരി അറസ്റ്റ് : 358
കഞ്ചാവ് അറസ്റ്റ് : 43
കോഡ്പാ കേസ് : 3361
കോഡ്പാ പിഴ ചുമത്തിയത് : 4,67,400 രൂപ
എം.ഡി.എം.എ പിടികൂടിയത് : 4 ഗ്രാം
തൊണ്ടിയായി ലഭിച്ച രൂപ : 11,580
വാഹനം പിടിച്ചെടുത്തത് : 6
"കേസുകൾ കുറയുന്നില്ല. നിരവധി ചെറുപ്പക്കാരാണ് പ്രതികൾ. റാന്നിയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ ചിലരെ ആക്കാറുണ്ട്. പലരും താൽപര്യം കാണിക്കാറില്ല. ജീവിതം നശിക്കുന്നത് ചെറുപ്പക്കാർ അറിയുന്നില്ല. "
എക്സൈസ് അധികൃതർ