അടൂർ : രണ്ടരവർഷം മുമ്പ് നിറുത്തലാക്കിയ അടൂർ - പട്ടാഴി കെ.എസ്.ആർ.ടി. സി ബസ് സർവീസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്ന് പുനരാരംഭിക്കും. ഗ്രാമീണ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസ് പുനരാരംഭിക്കണമെന്നത് ജനങ്ങളുടെ ആവശ്യമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് സർവീസ് നിറുത്തിവച്ചത് . കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി സ്പീക്കർ അടിയന്തരമായി ഈ റൂട്ട് തുടങ്ങണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 6.30ന് ആരംഭിക്കുന്ന സർവീസ് രാവിലെ രണ്ടും വൈകിട്ട് ഒന്നുമായി മൂന്ന് ട്രിപ്പുകൾ നടത്തും. കൊല്ലം ജില്ലയിലെ പട്ടാഴി ദേവീക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ള സർവീസാണിത്. ആദ്യ കാലങ്ങളിൽ അടൂർ, പറക്കോട്,ഏഴംകുളം, ഇളമണ്ണൂർ പ്രദേശങ്ങളിലുള്ളവർക്ക് പട്ടാഴി ദേവീക്ഷേത്രത്തിൽ രാവിലെ ദർശനം നടത്തത്തക്കവിധമാണ് സർവീസ് ക്രമീകരിച്ചിരുന്നത്. രാവിലെ 6.40, 9, വൈകിട്ട് 4.45 എന്നീ സമയങ്ങളിലാകും അടൂരിൽ നിന്ന് പട്ടാഴിക്ക് ബസ് പുറപ്പെടുക.