ടാറിംഗ് തുടങ്ങുന്നത് കേരളാ റോഡ് ഫണ്ട് ബോർഡ്
പഴകുളം: ആനയടി - കൂടൽ റോഡ് ടാറിംഗ് കേരളാ റോഡ് ഫണ്ട് ബോർഡ് നാളെ ആരംഭിക്കും. പള്ളിക്കൽ പഞ്ചായത്ത് ഓഫീസിന് വടക്കുവശം മുതൽ പഴകുളം വരെയാണ് ടാറിംഗ്. റോഡ് നിർമ്മാണം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് വൈകിയതോടെയാണ് നിർമ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിനെ ഏൽപ്പിച്ചത്. അതിനുശേഷം ഓടയുടെയും കലുങ്കിന്റെയും മെറ്റിലിംഗിന്റെയും പണികൾ 80 ശതമാനവും അവർ പൂർത്തിയാക്കി.
പൈപ്പ് ലൈൻ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് റോഡ് വിട്ടുകൊടുത്തതാണ് . ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഉന്നതാധികാര യോഗത്തിൽ 2021 ഡിസംബർ 25 ന് മുൻപ് പണികൾ തീർത്ത് റോഡ് ബോർഡിനെ തിരികെ ഏൽപിക്കുമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞത്. പക്ഷേ പറഞ്ഞ സമയത്ത് പണി തീർന്നില്ല. പിന്നീട് ഫെബ്രുവരി 25 നകം പണി പണിതീർക്കുമെന്ന് പറഞ്ഞു. ഏപ്രിൽ പകുതി കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റിയുടെ പണി അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതേയുള്ളെന്നാണ് അധികൃതർ പോലും പറയുന്നത്.
മെറ്റലിംഗ് കഴിഞ്ഞിട്ട് നാളേറെയായി. റോഡ് മുഴുവൻ കുഴിയാണ്. ആലുംമൂട്ടിൽ വളവിൽ 500 മീറ്റർ വരുന്ന ഇറക്കത്ത് ഓരോ മഴ ക്കാലത്തും മെറ്റിൽ ഒലിച്ചുപോയി തോട് പോലെയാകും. . വീണ്ടും മെറ്റിലിടും. ഈ വേനൽ മഴയിലും ധാരാളം മെറ്റിൽ ഇവിടെ ഒലിച്ചു പോയി.
പണി തുടങ്ങിയിട്ട് 4 കൊല്ലം
നാല് വർഷം കഴിഞ്ഞു നിർമ്മാണം തുടങ്ങിയിട്ട്. പയ്യനല്ലൂർ - ക്ഷേത്രം ജംഗ്ഷനിൽ നിന്ന് മാമൂട്ടിൽ എത്തിയാണ് യാത്രക്കാർ അടൂരിലേക്കെത്തുന്നത്. മാമൂട് വരെ റോഡ് വളരെ മോശമാണ്. പള്ളിക്കൽ പഞ്ചായത്ത് ഓഫിസിന് വടക്കുവശം മുതൽ - പഴകുളം വരെയുള്ള ഭാഗം ടാർ ചെയ്താൽ ഒരു വലിയ പ്രദേശത്തിന്റെ യാത്രാ ദുരിതത്തിന് പരിഹാരമാകും.
റോഡ് വെട്ടിപ്പൊളിക്കുമോ ?
കുടിവെള്ള വിതരണത്തിന് പൈപ്പിടാൻ ഭാവിയിൽ റോഡ് വെട്ടിപ്പൊളിക്കാതിരിക്കാൻ റോഡിന്റെ ഇരു ഭാഗത്തും 500 മീറ്റർ ഇടവിട്ട് മദ്ധ്യഭാഗത്തും പൈപ്പിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോൾ ഒരു ഭാഗത്ത് മാത്രമേ പൈപ്പ് ഇട്ടിട്ടുള്ളു. ഇതിന്റെ നിർമ്മാണം തീർന്നിട്ടില്ല.
ഈ സാഹചര്യത്തിൽ ഭാവിയിൽ റോഡ് വെട്ടിപ്പൊളിക്കേണ്ടി വരില്ലേയെന്ന് ആശങ്കയുണ്ട്