റാന്നി: പെട്രോൾ,ഡീസൽ,പാചകവാതകം,മണ്ണെണ്ണ എന്നിവയുടെ അനിയന്ത്രിതമായ വിലവർദ്ധനവിലും,മോട്ടോർ വാഹന നിയമ ഭേദഗതിയിലൂടെ പെറ്റിക്കേസുകളിലൂടെ ഈടാക്കിയിരുന്ന തുക പതിന്മടങ്ങ് വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 21ന് രാവിലെ 10ന് റാന്നി പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും സംഘടിപ്പിക്കും.പെട്രോളിയം ഉത്പ്പന്നങ്ങളുടേയും പാചക വാതകത്തിന്റെയും വില വർദ്ധനവ് താങ്ങാവുന്നതിലും അപ്പുറമായിരിക്കുകയാണ്. ഇതു കാരണം നിത്യോപയോഗ സാധനങ്ങൾക്ക് ഉണ്ടായിട്ടുള്ള വില വർദ്ധനവ് ജീവിതം വഴിമുട്ടിക്കുകയാണ്. സ്വകാര്യ കമ്പനികളുടെ ഈ കൊള്ളയ്ക്ക് കേന്ദ്ര സർക്കാർ കൂട്ടു നിൽക്കുന്നതിലൂടെ ജനദ്രോഹ നടപടികളാണ് നടപ്പാക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. മുൻ എം.എൽ.എ രാജു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ എം.വി വിദ്യാധരൻ,സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ.പ്രസാദ്, കെ.സതീശ്,ജോർജ് ഏബ്രഹാം, ആലിച്ചൻ ആറൊന്നിൽ,തോമസ് പുല്ലമ്പള്ളിൽ,പാപ്പച്ചൻ കൊച്ചുമേപ്രത്ത്,സന്തോഷ് അയിരൂർ,മാത്യു ദാനിയേൽ,സോണി വാഴക്കുന്നത്ത്,റെജി കൈതവന,അഡ്വ.മനോജ് മാത്യു, ഏബ്രഹാം സി.ഫിലിപ്പ്,ഫിലിപ്പ് മാത്യു കുരുടാമണ്ണിൽ, കെ.സി മാത്യു എന്നിവർ പ്രസംഗിച്ചു.