thripputh
ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് ഘോഷയാത്ര

ചെങ്ങന്നൂർ: ആചാരപ്പെരുമയിൽ ചെങ്ങന്നൂർ ദേവിക്ക് മിത്രപ്പുഴക്കടവിൽ തൃപ്പൂത്താറാട്ട്. മലയാള വർഷത്തിലെ ഏഴാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. രാവിലെ ദേവിയെ തൃപ്പൂത്തറയിൽ നിന്ന് കടവിലേക്ക് ആനയിച്ചു. പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ട് അഭിഷേകവും കരയിൽ നിവേദ്യവും നടത്തി. തുടർന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ആറാട്ടെഴുന്നെള്ളത്തിന് താലപ്പൊലിയേന്തി ഭക്തർ അകമ്പടിയേകി. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയപ്പോൾ സ്വീകരിക്കാൻ ശ്രീപരമേശ്വരനെ പുറത്തേക്ക് എഴുന്നെള്ളിച്ചു. പ്രദക്ഷിണത്തിനു ശേഷം അകത്തെഴുന്നെള്ളത്തും കളഭാഭിഷേകവും നടത്തി. തന്ത്രി കണ്ഠരര് മോഹനര് കാർമ്മികത്വം വഹിച്ചു.ഭക്തർ അനുഗ്രഹം തേടി മഞ്ഞൾപ്പറയും നെൽപറയും സമർപ്പിച്ചു. ആറാട്ടു ദിനം മുതൽ 12 ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താം.