പത്തനംതിട്ട: ബൈക്കുകളിലെത്തിയ സംഘം വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജിലെ വിദ്യാർത്ഥികളായ ഡെൽവിന് കെ. വർഗീസ്(20)., ആർ. ക്രിസ്റ്റോ(20) എന്നിവർക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ബസ് സ്റ്റോപ്പിലേക്ക്‌ പോവുകയായിരുന്ന ഇവരെ വെട്ടിപ്രം സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ബൈക്കുകളിലെത്തിയ സംഘം തടഞ്ഞുവച്ച് മർദ്ദിക്കുകയായിരുന്നു. അവധി ദിവസമായിരുന്നതിനാൽ നിരത്തിൽ ആളുകൾ കുറവായിരുന്നു. നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഓടിയെത്തിയതോടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. കെ.എസ്.യു പ്രവർത്തകരാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. . കലോത്സവുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തിന്റെ ഭാഗമായാണ് സംഭവമെന്ന്‌ പൊലീസ് സംശയിക്കുന്നുണ്ട്. കെ.എസ്.യു പ്രവർത്തകരായ നാല് പേർക്കെതിരെ കേസെടുത്തു.