പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തിൽ എന്റെ കേരളം പ്രദർശന വിപണനമേള മേയ് 11 മുതൽ 17 വരെ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
മേയ് രണ്ടു മുതൽ എട്ടു വരെ ആയിരുന്നു പ്രദർശന വിപണന മേളയ്ക്കായി നേരത്തെ തീരുമാനിച്ച തീയതി. ജില്ലാ സ്റ്റേഡിയത്തിന്റെ ലഭ്യത കണക്കിലെടുത്താണ് തീയതിയിൽ മാറ്റം വരുത്തിയതെന്നും മന്ത്രി പറഞ്ഞു.
മേയ് 7ന് ഉച്ചകഴിഞ്ഞ് 3ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ മുതൽ നഗരസഭ ബസ് സ്റ്റാൻഡ് വരെ വിളംബര ജാഥ സംഘടിപ്പിക്കും. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരേയും ആകർഷിക്കുന്ന തരത്തിലായിരിക്കണം മേളയെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന വികസന പദ്ധതികളെയും നേട്ടങ്ങളെയും പ്രദർശിപ്പിക്കുന്നതിനുള്ള അവസരമാണ് മേളയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
യോഗത്തിൽ സംഘാടനം, ഏകോപനം, പ്രചാരണം എന്നീ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ സംഘാടനസമിതി അദ്ധ്യക്ഷനും, നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഏകോപന സമിതി അദ്ധ്യക്ഷനും, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ പ്രചാരണസമിതി അദ്ധ്യക്ഷനുമായിരിക്കും.