ചെങ്ങന്നൂർ: നഗരസഭാ 10-ാം വാർഡ് പുത്തൻകാവിൽ കാട്ടുപന്നിശല്യത്തെത്തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മിനി സജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ കെ.ഷിബുരാജൻ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആർ.എസ്. ദീപക്, ആശാ പ്രവർത്തക ചിത്രലേഖ എന്നിവർ പ്രസംഗിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരെ പങ്കെടുപ്പിച്ചുള്ള യോഗം നാളെ ഉച്ചയ്ക്ക് 2ന് നടക്കും. സമീപ വാർഡുകളിലെ കൗൺസിലർമാർ, റവന്യൂ, നഗരസഭ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മുൻകരുതലിന്റെ ഭാഗമായി പൊതു സ്ഥലങ്ങൾ നഗരസഭ വൃത്തിയാക്കും. സ്വകാര്യ വ്യക്തികളുടെ പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കുന്നതിന് നഗരസഭ നിർദ്ദേശം നൽകും. വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നുളള പ്രത്രേക സംഘത്തെ കണ്ടെത്താനും യോഗം തീരുമാനിച്ചു.