പന്തളം: നിയന്ത്രണംവിട്ട കാറിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം. പന്തളം മുടിയൂർക്കോണം അറത്തിൽ മുക്കിനു സമീപം കളീക്കൽ കെ.ജി. രാജു (48) ആണു മരിച്ചത്. കുളനട ഒന്നാം പുഞ്ചയ്ക്കും ഓർത്തഡോക്‌സ് പള്ളി ചാപ്പലിനുമിടയ്ക്ക് എം.സി റോഡിൽ വെള്ളിയാഴ്ച രണ്ടുമണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ റോഡരികിൽ നിറുത്തിയിട്ടതിനു ശേഷം, അടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു രാജു. ഓട്ടോയിൽ ചാരിനിന്ന് പോക്കറ്റിൽ നിന്ന് പണം എടുത്തുകൊണ്ടിരിക്കെ ചെങ്ങന്നൂർ ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കാർ അമിത വേഗത്തിലെത്തി ഓട്ടോ റിക്ഷയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു.
നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള കൈവരിക്കും ഓട്ടോറിക്ഷയ്ക്കുമിടയിൽ ഞെരുങ്ങി പരിക്കേറ്റ രാജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ: രേഷ്മ, രജീഷ്.