പന്തളം: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) പത്തനംതിട്ട ജില്ലാ സമ്മേളനം 18, 19, 20 തീയതികളിൽ പന്തളത്തു നടക്കുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാനക് ഓഡിറ്റോറിയത്തിൽ 19ന് രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ പ്രതിനിധി സമ്മേളനവും 20നു വൈകിട്ട് സംസ്ഥാന പ്രസിഡന്റ് മുൻ എം.പി എസ്. അജയകുമാർ പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും.
മന്ത്രി വീണാജോർജ്, കെ.യു. ജനീഷ് കുമാർ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സത്യൻ, തുടങ്ങിയവർ പങ്കെടുക്കും.
പതാകകൊടിമര ജാഥകൾ ഇന്നു നടക്കും. സ്ഥാപക നേതാവും ആദ്യ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന പി.കെ. കുമാരന്റെ ചേരിക്കലുള്ള സ്മൃതി മണ്ഡപത്തിൽ ഉച്ചയ്ക്ക് 1.30ന് സി.പി.എം പന്തളം ഏരിയാ സെക്രട്ടറി കെ. ജ്യോതികുമാറിൽ നിന്ന് പി.കെ.എസ് ഏരിയാ പ്രസിഡന്റ് എസ്. അരുൺ പതാക ഏറ്റുവാങ്ങും. പി.കെ.എസ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന കെ.കെ. ഗോപിനാഥന്റെ പുറമറ്റത്തുള്ള സ്മൃതി മണ്ഡപത്തിൽ സി.പി.എം ഇരവിപേരൂർ ഏരിയാ സെക്രട്ടറി അഡ്വ. ഫിലിപ്പോസ് തോമസിൽ നിന്ന് പി.കെ.എസ് ഇ രവിപേരൂർ ഏരിയാ സെക്രട്ടറി കെ.പി. ഗോപി കൊടിമരം ഏറ്റുവാങ്ങും.
കൊടിമര, പതാക ജാഥകൾ 18നു വൈകിട്ട് 5.30നു സമ്മേളന നഗറിൽ എത്തിച്ചേരുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. മുരളിയും ഏരിയാ സെക്രട്ടറിയും കൺവീനറുമായ എം.കെ. മുരളീധരനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.