hospital
അപകടത്തി​ൽ പരി​ക്കേറ്റയാളെ പത്തനംതി​ട്ട ജനറൽ ആശുപത്രി​യി​ൽ എത്തി​ച്ചപ്പോൾ

പത്തനംതിട്ട : നിലയ്ക്കലിന് പ്ളാന്തോടിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കം മണ്ണാശേരി സ്വദേശികളായ കരുണാകരൻ (78), വാസു (69), ഷൈലജ (62), ശ്രീജിത്ത് (38), പാർവതി (5), വൈഗ (രണ്ടര), വൈദേഹി (9), ശിവദ (8) എന്നിവർക്കാണ് പരിക്കേറ്റത്. കരുണാകരന്റെയും വാസുവിന്റെയും പരിക്ക് ഗുരുതരമാണ്. തലയ്ക്കും കാലിനുമാണ് ഇവരുടെ പരിക്ക്. എല്ലാവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടക സംഘം സഞ്ചരിച്ച ഇന്നോവ കാർ 11മണിയോടെ അപകടത്തിൽപ്പെടുകയായിരുന്നു. 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഫയർഫോഴ്സാണ് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്.