അടൂർ : കെ. എസ്. ആർ. ടി. സി അടൂർ ഡിപ്പോയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള ഉല്ലാസയാത്രാ സർവീസ് വിജയിച്ചതോടെ ശനിയാഴ്ച തോറും വാഗമണ്ണിലേക്കും സർവീസ് ആരംഭിക്കുന്നു. ആദ്യസർവീസ് 23 ന് രാവിലെ 6.30 ന് പുറപ്പെടും. 50 സീറ്റിന്റേയും ബുക്കിംഗ് പൂർത്തിയായി. 30-ാം തീയതിയിലേക്കും 45 സീറ്റുകൾ ബുക്കുചെയ്തുകഴിഞ്ഞു. തൃശൂർ ജില്ലയിലെ മലക്കപ്പാറയിലേക്ക് രണ്ട് സർവീസുകൾ ഡിപ്പോ നടത്തിക്കഴിഞ്ഞു.മലക്കപ്പാറ സർവീസിന് 800 രൂപയാണ് ടിക്കറ്റ് നിരക്ക്. അടുത്ത രണ്ടാഴ്ചത്തേക്കുള്ള ബുക്കിംഗും മലക്കപ്പാറയിലേക്ക് പൂർത്തിയായി.വണ്ടർലാ, മൂന്നാർ എന്നിവിടങ്ങളിലേക്കും അടൂരിൽ നിന്ന് ഉല്ലാസയാത്ര നടത്തുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലായി. 520 രൂപയാണ് വാഗമൺ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക്. രാവിലെ അടൂരിൽ നിന്ന് പുറപ്പെടുന്ന ബസ് എരുമേലി, കാഞ്ഞിരപ്പള്ളി, ഇൗരാറ്റുപേട്ട, കുരിശുപള്ളി, വാഗമൺ കുന്നുകൾ, ഷൂട്ടിംഗ് ലൊക്കേഷനുകൾ, പൈൻഫോറസ്റ്റ്, പരുന്തുംപാറ, കുട്ടിക്കാനം, ഏലപ്പാറ എന്നിവടങ്ങളിലെത്തി രാത്രി പത്തുമണിയോടെ തിരികെയത്തും.