കോന്നി : വനാന്തരഗ്രാമമായ കൊക്കാത്തോട്ടിലേക്ക് ഞായറാഴ്ച്ചകളിൽ ബസ് സർവീസില്ലാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. കോന്നിയിൽ നിന്ന് അഞ്ചു ട്രിപ്പുകൾ വീതം കൊക്കത്തോട്ടിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസുമാണുള്ളത്. ഇവ രണ്ടും ഞായറാഴ്ച്ചകളിൽ സർവീസ് നടത്തുന്നില്ല. അരുവാപ്പുലം ഗ്രാമപഞ്ചായത്തിയിലെ രണ്ടു വാർഡുകളിലായി ഉൾപ്പെടുന്ന കൊക്കാത്തോട്ടിൽ 700 ഓളം കുടുംബങ്ങളാണുള്ളത്. കാട്ടാത്തി, കോട്ടാംപാറ എന്നി ആദിവാസികോളനികളും കൊക്കാത്തോട്ടിലാണ്. ബസില്ലാത്തതിനാൽ അമിത ചാർജ് കൊടുത്തു ടാക്സി വാഹനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. മുൻപ് ഞായറാഴ്ചകളിലും സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് കളക്ഷൻ കുറവാണെന്നു കാരണത്താൽ സർവീസ് നിറുത്തുകയായിരുന്നു. കോന്നിയിൽ നിന്ന് ട്രിപ്പ് ജീപ്പുകൾ കൊക്കാത്തോട്ടിലേക്ക് സർവീസ് നടത്തുന്നത് കളക്ഷനെ ബാധിക്കുന്നുവെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിശദീകരണം. കൊക്കാത്തോട്ടിലെ ജനങ്ങൾ എല്ലാ ആവശ്യങ്ങൾക്കും 20 കിലോമീറ്റർ അകലെയുള്ള കോന്നിയിലാണെത്തുന്നത്. ബസ് സർവീസുകൾ ഇല്ലാത്തതുമൂലം നീരമക്കുളം, അപ്പൂപ്പൻതോട്, കോട്ടാംപാറ, നെല്ലിക്കപ്പാറ, മുണ്ടപ്ലാവ്, കുറിച്ചി, മേടപ്പാറ, കാഞ്ഞിരപ്പാറ, കൊച്ചപ്പൂപ്പൻ തോട്, ഒരേക്കർ, കാട്ടാത്തി എന്നിവിടങ്ങളിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. മുടങ്ങിയ സർവീസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗം വി.കെ.രഘു ആവശ്യപ്പെട്ടു.