
ശബരിമല: ചലച്ചിത്ര നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് എത്തിയത്. ഇന്നലെ ഉഷഃപൂജ തൊഴുത ശേഷം മാളികപ്പുറത്തും ദർശനം നടത്തി. തന്ത്രിയെയും മേൽശാന്തിയെയും കണ്ട് അനുഗ്രഹംവാങ്ങി. സഹസ്രകലശപൂജ, കളഭാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പടിപൂജ എന്നിവയും ദർശിച്ച ശേഷം ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മലയിറങ്ങിയത്. മാനേജർ വെങ്കി, സുഹൃത്ത് ശരത് എന്നിവർ ഒപ്പമുണ്ടായിരുന്നു.
നട അടച്ചു
വിഷു, മേട മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്നലെ അടച്ചു. കൊവിഡ് നിയന്ത്രണം മാറ്റിയതോടെ പൂജാ ദിവസങ്ങളിൽ ഭക്തരുടെ തിരക്കേറിയിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ. രണ്ടുലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇടവമാസ പൂജകൾക്കായി മേയ് 14ന് വൈകിട്ട് 5ന് നട തുറക്കും.