പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ പണം ആവശ്യപ്പെട്ട് നിക്ഷേപകർ കൂട്ടമായി എത്താൻ തുടങ്ങിയതോടെ ജീവനക്കാർ പണിമുടക്ക് സമരം ആരംഭിച്ചു. 123 കോടിയോളം രൂപ നിക്ഷേപമുള്ള ബാങ്കിൽ നിക്ഷേപകർക്ക് പണം മടക്കി നൽകാൻ കഴിയാത്ത അവസ്ഥയായതോടെയാണ് ജീവനക്കാർ സമര രംഗത്തേക്ക് ഇറങ്ങിയത്. ബാങ്കിന്റെ പ്രധാന അനുബന്ധ സ്ഥാപനമായ അമൃത ഗോതമ്പ് സംസ്‌കരണ ഫാക്ടറിയുടെ പ്രവർത്തനത്തിന് നൽകിയ കോടികളുടെ അഡ്വാൻസ് തുക തിരിച്ച് ലഭിക്കാതായതോടെയാണ് പ്രതിസന്ധിയുണ്ടായതെന്ന് ജീവനക്കാർ പറഞ്ഞു. ഫാക്ടറി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 35 കോടിയോളം രൂപ മുടക്കിയാണ് ഗോതമ്പ് സംസ്‌കരണ ഫാക്ടറി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചത്.. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വകരിക്കണമെന്ന് ജീവനക്കാർ ഭരണസമിതിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലം കണ്ടില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പലരും ലോണുകൾ തിരിച്ചടച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരുണ്ട്. ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവന്ന സഹകരണ ബാങ്കുകളിൽ ഒന്നായിരുന്നു. മൂന്നു ബ്രാഞ്ചുകളും അനുബന്ധ സ്ഥാപനങ്ങളായി സൂപ്പർമാർക്കറ്റ്, അഗ്രി മാർട്ട് ഇവയും പ്രവർത്തിക്കുന്നു. ബാങ്കിനെ തകർച്ചയിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകി.