നിലയ്ക്കൽ: കേവലം ശമ്പളം വാങ്ങുന്നവർ മാത്രമായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ മാറരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പറഞ്ഞു. ശബരിമല ഇടത്താവള വികസന പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിന് സമീപം നിർമ്മിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുയായിരുന്നു മന്ത്രി.
അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, മനോജ് ചരളേൽ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ(ജനറൽ) ജി. കൃഷ്ണകുമാർ, ചീഫ് എൻജിനീയർ ആർ. അജിത്ത് കുമാർ, നിലയ്ക്കൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.54.35 കോടി രൂപ ചെലവിൽ 8855 സ്‌ക്വയർ മീറ്ററിൽ ഇരുനിലകളിലായി ഏഴു കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. അയ്യപ്പന്മാർക്കുള്ള വിശ്രമകേന്ദ്രം, ശുചിമുറികൾ, ലിഫ്റ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയും സജ്ജീകരിക്കും.