ചെങ്ങന്നൂർ : നഗരസഭ പരിധിയിലും മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് - പടിഞ്ഞാറൻ മേഖലകളിലും കാട്ടുപന്നി ആക്രമണം പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ പുത്തൻകാവിലും മുളക്കുഴ പഞ്ചായത്ത് കൊടയ്ക്കാമരത്തിലും കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. മുളക്കുഴ പള്ളിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കല്ലുമഠത്തിൽ സുരേഷിന് (42) സാരമായി പരിക്കേറ്റു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും പന്നിയുള്ളതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർ നടപടികൾക്കായി നാട്ടുകാർ കാത്തിരിക്കുകയാണ്. ഗ്രാമീണ മേഖല വിട്ടു കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭ പരിധിയിലും കാട്ടുപന്നികളെത്തി. നഗരസഭ 10-ാം വാർഡ് പുത്തൻകാവിൽ കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ട്. ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ ഐക്കാട് പാലത്തിന് സമീപം കുറ്റിയിൽ പള്ളിയുടെ ഭാഗങ്ങളിൽ പന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കപ്പ, ചേന, ചേമ്പ്, വാഴ, ചെറിയ തെങ്ങ് എന്നിവ നശിപ്പിച്ചു. മൂന്നാഴ്ച മുൻപ് വെണ്മണി പഞ്ചായത്ത് പാറച്ചന്തയിലും കാട്ടുപന്നികൾ വിളകൾ നശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസമാണ് മുളക്കുഴ പഞ്ചായത്ത് 11-ാം വാർഡിൽ വീട്ടുപടിക്കൽ നിൽക്കുകയായിരുന്ന വൃദ്ധയെ റബർത്തോട്ടത്തിൽ നിന്ന് ഓടിയെത്തിയ പന്നി ആക്രമിച്ചത്.