മല്ലപ്പള്ളി : എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിലൂടെയുള്ള വാഹന യാത്ര ദുരിതയാത്രയാകുന്നു. എഴുമറ്റൂർ മുതൽ പടുതോടുവരെ റോഡിലെ ടാറിംഗ് ഇളകി കുഴികളായിട്ട് നാളുകൾ ഏറെയായി. ചില സ്ഥലങ്ങളിൽ വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടികിടക്കുന്നതിനാൽ സ്ഥല പരിചയമില്ലാതെ ഇതുവഴി വരുന്ന ഇരുചക്രവാഹന യാത്രക്കാർ കുഴിയുടെ ആഴമറിയാതെ കുഴികളിൽ ചാടി അപകടത്തിൽ പെടുന്നത് പതിവാണ്. മറ്റ് റോഡുകൾ എല്ലാം ഉന്നത നിലവാരത്തിൽ പണിയുമ്പോൾ എഴുമറ്റൂർ -പടുതോട് ബാസ്റ്റോ റോഡിനെ പരിഗണിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവിടെ അറ്റകുറ്റ പണികൾ പോലും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാൽനടയാത്ര പോലും ദുസഹമായിട്ടും താലൂക്കിലെ പ്രധാന റോഡായ ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണ്. നിരവധി സമരങ്ങൾക്കും വഴി തടയലിനു ശേഷമാണ് വല്ലപ്പോഴും അറ്റകുറ്റ പണികൾക്കുപോലും ബന്ധപ്പെട്ടവർതയാറാകുന്നത്. 2022 ജനുവരിയിൽ കൂടിയ ജില്ലാ വികസന സമിതി യോഗത്തിൽ എം.പിയുടെ പ്രതിനിധി റോഡിന്റെ കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയും ഭാരം കയറ്റിയ വലിയ വാഹനങ്ങളുടെ യാത്ര നിരോധിച്ച് ഉത്തരവ് കാട്ടിയ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം ബോർഡ് അപ്രത്യക്ഷമായി. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
---------------------
അപകടങ്ങൾ ഒഴിവാക്കുന്നതിനായി രണ്ട് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 5 കിലോമീറ്റർ ദൂരമുള്ള റോഡ് ഉന്നത നിലവാരത്തിൽ ആക്കുന്നതിന് വേണ്ട അടിന്തര നടപടി സ്ഥീകരിക്കണം.
സനോജ് കുമാർ
പ്രദേശവാസി