പത്തനംതിട്ട: പട്ടികവർഗ ക്ഷേമ വകുപ്പിന്റെ ഫണ്ട് വിനിയോഗത്തിന്റെ പേരിൽ അട്ടത്തോട് ആദിവാസി കോളനിയിൽ ചേരിതിരിവ് രൂപപ്പെടുന്നു. ആദിവാസി കോളനി ,അംബേദ്കർ കോളനിയായി മാറുമെന്ന ഒരു വിഭാഗത്തിന്റെ സംശയം എസ്.സി, എസ്.ടി വിഭാഗങ്ങൾ തമ്മിൽ സംഘർഷമായി വളരുമെന്ന ആശങ്കയേറുന്നു. വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് അട്ടത്തോട്ടിൽ യുവാവിന് മർദ്ദനമേറ്റു. ഇരുവിഭാഗങ്ങളും വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി കൂടിയാലോചനകളും യോഗങ്ങളും നടത്തിവരികയാണ്.
തങ്ങൾ കൂടുതലായുള്ള ആദിവാസി കോളനിയെ അംബേദ്കർ എസ്.സി കോളനിയെന്ന് പേര് മാറ്റാനുള്ള നീക്കത്തെ ചെറുക്കുമെന്ന് എസ്.ടി വിഭാഗം പ്രഖ്യാപിച്ചു. പെരുനാട് പഞ്ചായത്ത് ചില പരിപാടികളുടെ അറിയിപ്പിൽ അംബേദ്കർ കോളനി എന്ന് രേഖപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് യോഗങ്ങൾ ബഹിഷ്കരിക്കാൻ എസ്.ടി വിഭാഗം തീരുമാനിച്ചു.
ഫണ്ട് വിനിയോഗവും കോളനി വികസനവും ചർച്ച ചെയ്യാൻ പ്രമോദ് നാരായൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തെപ്പറ്റിയുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജിൽ ആദിവാസി കോളനിയെ അംബേദ്കർ കോളനിയെന്ന് വിശേഷിപ്പിച്ചിരുന്നു.
ഇരുന്നൂറോളം എസ്.ടി വിഭാഗക്കാരും അൻപത് എസ്.സി വിഭാഗവും അറുപതോളം ഒ.ബി.സിക്കാരുമാണ് കോളനിയിൽ താമസിക്കുന്നത്. പട്ടിക വർഗക്ഷേമ വകുപ്പ് അട്ടത്തോട് കോളനിയിലെ എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ച് കോളനി നിവാസികളിൽ ആവശ്യമായ ബോധവത്കരണം നടക്കാത്തതാണ് ചേരിതിരിവിന് കാരണമാകുന്നതെന്ന് അറിയുന്നു.