road
പുനലൂർ മുവാറ്റുപുഴ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി മുറിഞ്ഞകല്ലിൽ നടക്കുന്ന ഓടകളുടെ നിർമാണം.

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട ഓടകളുടെ നിർമ്മാണത്തിൽ അപാകതകളെന്ന്‌ പരാതി. വകയാർ, മ്ലാന്തടം, മുറിഞ്ഞകല്ല്,നെടുമൺകാവ്, ഇഞ്ചപ്പാറ,ഗാന്ധി ജംഗ്ഷൻ, കൂടൽ, കലഞ്ഞൂർ മേഖലകളിലെ ഓടകളുടെ പണികളിലാണ് അപാകതകൾ നടക്കുന്നത്. വേനൽ മഴപെയ്തു മണ്ണും വെള്ളവും അടിഞ്ഞുകൂടിയ ഓടകളിലെ ചെളിയും വെള്ളവും നീക്കം ചെയ്യാതെയാണ് ഓടയുടെ കോൺക്രീറ്റ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മുറിഞ്ഞകല്ലിൽ ഇതിനെ നാട്ടുകാർ ചോദ്യം ചെയ്ത സംഭവവും ഉണ്ടായി. വകയാറിനും കൂടലിനും ഇടയിലുള്ള ഭാഗങ്ങളിലെ ഓടകളെല്ലാം ഇത്തരത്തിലാണ് കോൺക്രീറ്റ് ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ജോലിക്കാർ മണ്ണും വെള്ളവും നിറഞ്ഞ ഓടയുടെ കുഴികളിലേക്ക് കോൺക്രീറ്റ് ഒഴിക്കുകയാണ്. ഇതിനെ തുടർന്ന് നാട്ടുകാർ കെ.എസ്.ടി.പി യുടെ എക്സിക്യൂട്ടീവ് എൻജിനീയറെ വിവരം ധരിപ്പിക്കുകയും എക്സിക്യൂട്ടീവ് എൻജിനീയർ കൺസൾട്ടന്റിനെ വിവരം ധരിപ്പിക്കാമെന്നു അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നും ഇവിടുത്തെ ഓടകളുടെ പണികൾ നിരീക്ഷിക്കാൻ കരാർ കമ്പനികളുടെ സൂപ്പർവൈസർമാരോ, കെ.എസ്.ടി.പി യുടെ ഉദ്യോഗസ്ഥന്മാരോ വരുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

നാട്ടുകാരുടെ ആരോപണം

ഇത്തരത്തിൽ ചെളിവെള്ളത്തിലേക്കാണ് കോൺക്രീറ്റ് മിക്സർ ഒഴിക്കുന്നത് കോൺക്രീറ്റിന്റെ ബലക്ഷയത്തിനും കാരണമാകും. ഓടകളിലേക്ക് കാർഡ് പാസിംഗ് സിസ്റ്റം ഇല്ലാതെയാണ് കോൺക്രീറ്റ് ഒഴിക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്ന ഓടകളിൽ ഐ എസ് സ്റ്റാൻഡേർഡ് കവർ ബ്ലോക്കോ, കരിങ്കൽ ചീളുകളോ മണ്ണിൽ ഇടാതെയാണ് ഓടകളുടെ കോൺക്രീറ്റ് നടക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

................................
പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട ഓടകളുടെ കോൺക്രീറ്റ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ കെ.എസ്. ടി.പി അധികൃതർ നടപടി സ്വീകരിക്കണം.

പി.കെ. വിശ്വംഭരൻ

കലങ്കുംവാതിൽക്കൽ,

മുറിഞ്ഞകല്ല്.