kpro
സെൻട്രൽ ജംഗ്ഷനിൽ കെ. പി റോഡിന്റെ അവസ്ഥ

അടൂർ : നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന കെ.പി റോഡിന്റെ ദുസ്ഥിതിക്ക് എന്ന് അറുതി വരുമെന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി​. മാസങ്ങൾക്ക് മുൻപ് തുടങ്ങിയ റോഡിന്റെ നവീകരണം ഇനിയും എങ്ങുമെത്തിയിട്ടില്ല. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. സെൻട്രൽ ജംഗ്ഷൻ മുതൽ കരുവാറ്റ പള്ളിക്കു സമീപംവരെയാണ് റോഡ് ഏറെ മോശം. അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലായിരുന്നു റോഡുകളുടെ നാശത്തിന് പ്രധാന കാരണം. സെൻട്രൽ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി നിർമ്മിച്ച ഒാടകളെ ബന്ധിപ്പിക്കുന്നതിനായി റോഡിന് കുറുകെ നിർമ്മിച്ച ഒാടകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും ഇവിടം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി​യില്ല. ഇതോടെ സെൻട്രൽ ജംഗ്ഷന് കിഴക്ക് ഭാഗത്ത് ഗതാഗതം താറുമാറായി. അടിക്കടി പൊട്ടുന്ന പഴയപൈപ്പുകൾക്ക് പകരം ഉന്നത നിലവാരത്തിലുള്ള ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി മാസങ്ങൾക്ക് മുൻപേ പൂർത്തിയായതാണ്. സെൻട്രൽ ജംഗ്ഷൻ മുതലൽ കരുവാറ്റ പള്ളിവരെയുള്ള ഭാഗത്തെ ടാറിംഗും അനന്തമായി നീളുകയാണ്. പൈപ്പുകൾ സ്ഥാപിക്കാനായി എടുത്ത കുഴികളിൽ മണ്ണെടുത്ത് മാറ്റി മെറ്റിൽ വിരിക്കുന്ന ജോലികളാണ് ഒരുമാസത്തിലേറെയായി നടക്കുന്നത്. മെറ്റിൽ വിരിച്ചെങ്കിലും വാഹനങ്ങൾ കയറി​ മെറ്റിലുകൾ തെറിച്ച് കാൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നതും പതിവായി. ഒപ്പം പൈപ്പുപൊട്ടി ഉണ്ടായ കുഴികളും പൈപ്പിന്റെ ചോർച്ച തടയുന്നിനായി എടുത്ത കുഴികളും നഗരത്തിലുടനീളമുണ്ട്. കെ.പി റോഡിൽ നിന്ന് റവന്യൂടവർ ഭാഗത്തേക്കുള്ള വൺവേ ആരംഭിക്കുന്ന ഭാഗവും പാർത്ഥസാരഥി ക്ഷേത്രജംഗ്ഷന് സമീപം വൺവേ അവസാനിക്കുന്ന ഭാഗത്തേയും കുഴികളിൽ മെറ്റിൽ വിരിച്ചിട്ട് ആഴ്ചകളായി. ഇക്കാരണത്താൽ ഇൗ മേഖലയിലും അടിക്കടി ഗതാഗത സ്തംഭനമാണ്.

റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണം. വാട്ടർ അതോററ്റിയുടെ കെടുകാര്യസ്ഥതയാണ് നഗരത്തെ ഇത്തരമൊരു ദുസ്ഥിതിയിൽ കൊണ്ടുചെന്നെത്തിച്ചത്.

അഡ്വ. ബിജു വർഗീസ്,

ഡി.സി.സി ജനറൽ സെക്രട്ടറി.