ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലും മുളക്കുഴയിലും വെണ്മണിഗ്രാമപഞ്ചായത്തിലും ആക്രമണകാരികളായ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ പ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘം നിരീക്ഷണം നടത്തി. കെണിവച്ച് പിടികൂടാൻ കഴിയാത്തതും ഉപദ്രവകാരികളുമായ പന്നികളെ വേണ്ടിവന്നാൽ വെടിവച്ച് കൊല്ലാൻ സംഘം നിർദ്ദേശിച്ചു. ഇതിനായി ലൈസൻസുളള തോക്ക് കൈവശമുളളവർക്ക് അനുമതി നൽകും.
ചെങ്ങന്നൂർ നഗരസഭാ പരിധിയിൽ പുത്തൻകാവിലും മുളക്കുഴ, വെണ്മണി ഗ്രാമപഞ്ചായത്തുകളിലും കാട്ടുപന്നി ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുന്നതും, വ്യാപകമായി കൃഷി നശിപ്പിക്കുന്നതും കേരളകൗമുദി തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തിൽ നഗരസഭാ കൗൺസിലറും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്.
നഗരസഭാ അദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, ഉപാദ്ധ്യക്ഷൻ ഗോപു പുത്തൻമഠത്തിൽ, വാർഡ് കൗൺസിലർ മിനി സജൻ, അർച്ചന കെ.ഗോപി, മനീഷ് കീഴാമഠത്തിൽ എന്നിവരും ഉണ്ടായിരുന്നു.
.