തിരുവല്ല: ജീവിതത്തിൽ അടിസ്ഥാനമായി ഗുരുത്വം ഉണ്ടെങ്കിൽ മാത്രമേ ഐശ്വര്യവും അനുഗ്രഹവും ഉണ്ടാകുകയുള്ളെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഗുരുത്വം ആർജ്ജിക്കാൻ സാധിച്ചില്ലെങ്കിൽ ആജീവിതം പൂർണതയെ പ്രാപിക്കുകയില്ല. ഗുരുവിന്റെ കാരുണ്യവും അനുഗ്രഹവും മനുഷ്യപുരോഗതിയുടെ അടിസ്ഥാനപരമായ തത്വമാണ്. ശ്രീനാരായണ ഗുരുവിന്റെ ദിവ്യമായ പ്രസാദമില്ലെങ്കിൽ അഭിവൃദ്ധിയും ധന്യമായ ജീവിതവുമില്ല. സാക്ഷാൽ പരംബ്രഹ്മമായ ഗുരുവിന്റെ പ്രസാദം പരമപ്രധാനമാണ്. സകലദേവതാ സ്വരൂപത്തിന്റെ മൂർത്തീഭാവമാണ് ഗുരുദേവൻ. സ്വജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ദേവീദേവ സാക്ഷാത്കാര അവസ്ഥകൾ ഗുരുദേവൻ വളരെ സുവ്യക്തമായി ആവിഷ്ക്കരിച്ച് തന്റെ 63 കൃതികളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികളിലൂടെ പരംബ്രഹ്മ സ്വരൂപത്തെ വേണ്ടവിധം അറിയാനും പഠിക്കാനും ശ്രമിക്കാത്തതാണ് അപചയത്തിന്‌ കാരണം. നേരാംവഴി കാട്ടിത്തരുന്ന ഗുരുവിനെ മനസിലാക്കാതെയുള്ള ജീവിതം അന്ധരാൽ നയിക്കപ്പെടുമെന്നും ഗുരുവിനെ അറിഞ്ഞു ജീവിച്ചാൽ കുടുംബത്തിൽ ശാന്തിയും സമാധാനവും അഭിവൃദ്ധിയും ഉണ്ടാകുമെന്നും സ്വാമി പറഞ്ഞു. ശാഖാ കമ്മിറ്റിഅംഗം ശ്യാം ടി.തുകലശേരി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി വസന്താനന്ദഗിരി, ശാഖാ ആക്ടിംഗ് പ്രസിഡന്റ് പി.എൻ.മണിക്കുട്ടൻ പുളിക്കത്തറ, സ്വാഗതസംഘം ചെയർമാൻ പി.ടി. പ്രസാദ് മുല്ലശേരി, വൈസ് ചെയർമാൻ പി.ജി.സുരേഷ്, കമ്മിറ്റിയംഗങ്ങളായ ശശിധരൻ പുതുപ്പറമ്പിൽ, സുനിൽകുമാർ, മുൻശാഖാ പ്രസിഡന്റ് പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രംതന്ത്രി സന്തോഷ് ശാന്തി, മേൽശാന്തി സുരേഷ്‌ഗോപി എന്നിവർ വിശേഷാൽ പൂജകൾക്ക് കാർമ്മികത്വം വഹിച്ചു.